കളമശേരി: ഏലൂർ നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡിൽ മാലിന്യം നിക്ഷേപിച്ചവരെ കൈയോടെ വൈസ് ചെയർപേഴ്സൺ ലീലാ ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടി പിഴ ഈടാക്കി. നഗരസഭയ്ക്ക് പുറത്തുള്ളവർ വരെ പ്രദേശങ്ങളിൽ പ്ലാസ്റ്റിക്ക്, അറവു മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നടപടി.
തോട്ടിലുൾപ്പെടെ മാലിന്യം തള്ളുന്നതു മൂലം കണ്ടെയ്നർ റോഡിനു കുറുകെയുള്ള വീതി കുറഞ്ഞ കൾവെർട്ട് അടഞ്ഞിരിക്കുകയാണ്. ഇതോടെ സമീപത്തെ വീടുകളിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാണ്. പി.പി.ഇ കിറ്റ് അടക്കമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴിഞ്ഞ പറമ്പുകളിൽ കത്തിക്കുന്നത് പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുമുണ്ട്.
വരും ദിവസങ്ങളിൽ രാത്രി കാലങ്ങളിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം ഉണ്ടാകുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ മേൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.