p
ചായയുടെ രസക്കൂട്ടിൽ...എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിൽ ചായക്കട നടത്തുന്ന എം.എസ്.സി ബിരുദാനന്തര ബിരുദ ധാരിയായ സെറീനയും ഭർത്താവ് ലിജുവും കടയ്ക്ക് മുന്നിൽ. ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്

കൊച്ചി: മസാല, കറുവപ്പട്ട, ഏലം, ഗ്രാമ്പു, കുരുമുളക്, ജീരകം, സ്ട്രോബറി- അങ്ങനെ അറിയാത്ത ചായ രുചികൾ നിരവധി. ഒളിച്ചിരിക്കുന്ന ഈ രുചി രസതന്ത്രങ്ങളെ ചായയിലേക്ക് ചാലിക്കുന്ന പരീക്ഷണങ്ങളിലാണ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമെടുത്ത സെറീന. എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിലെ ഇന്ദിരാഗാന്ധി റോഡിൽ സെറീനയും ഭർത്താവ് ലിജുവും നടത്തുന്ന 'ഡൈനിംഗ് ഐലൻഡ്" എന്നകൊച്ചു ചായക്കടയിൽ ദിവസവും വിറ്റുപോകുന്നത് 350 മുതൽ 400 വരെ ചായകൾ. 10 രൂപ 75 വരെയാണ് വില.

സ്വദേശിയും വിദേശിയുമുൾപ്പെടെ 50 ലേറെ വ്യത്യസ്ത ചായകൾക്ക് കൂട്ടിന് കിളിക്കൂടെന്ന പേരിൽ അതേ രൂപത്തിലള്ള ചിക്കൻ പലഹാരവും കോഴിയടയും സ്‌പെഷ്യൽ ബ്രെഡ് ഓംലറ്റുമടക്കമുള്ള പ്രത്യേക പലഹാരങ്ങളും. ദിവസവും മാറ്റിയെഴുതുന്ന, പ്രമുഖരുടെ പ്രചോദന സന്ദേശങ്ങളുമാണ് ഇവിടത്തെ മറ്റൊരു ഹൈലൈറ്റ്. ചുവരുകളിൽ സെറീന വരച്ച ചിത്രങ്ങളുമുണ്ട്. ആൽമര തണുപ്പിൽ വിശ്രമിക്കാൻ മരക്കുറ്റികളിൽ തീർത്ത ഇരിപ്പിടങ്ങളുണ്ടിവിടെ. ഒരു ചെറു കട്ടിലുമുണ്ട്.

രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ നല്ല തിരക്കാണിവിടെ. ഇതുകഴിഞ്ഞ് സാധനങ്ങളും വാങ്ങി വീടെത്തുമ്പോൾ ഒരു നേരമാകും. മക്കൾ: സെറാ ദിയ, അദ്നാൻ ഐബക്ക്, ആദം ആലിം.

 പഴസത്തും ചായയും
2009 മുതൽ ദുബായിലായിരുന്ന ലിജു കൊവിഡിന് തൊട്ടു മുമ്പ് അവധിക്കെത്തിയപ്പോൾ മടങ്ങാൻ സെറീന അനുവദിച്ചില്ല. തുടർന്ന് സീ ഫുഡ് എക്‌സ്‌പോർട്ടിംഗ് കമ്പനിയിലെ ജോലി രാജിവച്ച സെറീന ഏഴ് മാസം മുൻപ് പോർട്ട് ട്രസ്റ്റിന്റെ കടമുറിയിൽ ചായക്കട തുറന്നു. സുഗന്ധദ്രവ്യങ്ങളുടെയും പഴങ്ങളുടെയും സത്താണ് ചായകളിലെ പ്രധാന ഘടകം. നാടൻ ചായ‌യ്‌ക്കും മസാല ചായക്കുമൊപ്പം ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ്, കമമയിൽ, ഗ്രീൻ ടീ, വൈറ്റ് ടീ തുടങ്ങിയ വിദേശികളുമുണ്ട്. വിഭവങ്ങളെല്ലാം വീട്ടിലാണ് തയ്യാറാക്കുന്നത്. കസ്റ്റംസ് ഓഫീസ്, കൊച്ചിൻ പോർട്ട്, വാക്സിൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് പതിവുകാർ.

പ്രധാന ചായകളുടെ വില (പേര്, വില എന്ന തരത്തിൽ)


 കമ്മമയിൽ ചായ- 75 (വിദേശ രാജ്യങ്ങളിൽ ലഭിക്കുന്നവ)

 ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് ചായ- 55രൂപ.

 മസാല ചായ- 10

 കറുവപ്പട്ട, ഏലം ചായ- 20

 ഗ്രാമ്പു, കുരുമുളക്, പട്ടയില ചായ- 25

 മിക്‌സ് ചായ- 45,
 സ്‌ട്രോബറി, ലിച്ചി, പീച്ച്, ബ്ലാക്കബെറി ചായ- 30

 ജീരക ചായ- 30

'ആത്മവിശ്വാസത്തോടെ എന്ത് ചെയ്താലും വിജയത്തിലെത്തുമെന്നതിന് ഉദാഹരണമാണ് ഞങ്ങളുടെ കട. ഒരുപാട് പേരുടെ പിന്തുണയുണ്ട്. അതിലേറെപ്പേരോട് കടപ്പാടും".
- സെറീന, ലിജു