കൊച്ചി: കാലടി ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസിന്റെയും പി.ടി.എയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് അന്തർദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം 22 വൈകിട്ട് 3.30ന് കാലടി നാസ് ഓഡിറ്റോറിയത്തിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ മൂന്നുദിവസം വൈകിട്ട് 3.30 മുതൽ ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിലെ കലാകാരികൾ അവതരിപ്പിക്കുന്ന 36 മെഗാ ഗ്രൂപ്പിനങ്ങൾ അരങ്ങേറും. രണ്ടാംദിവസം ശ്രീനാരായണഗുരുദേവൻ രചിച്ച ദൈവദശകത്തിന്റെ മോഹിനിയാട്ട ആവിഷ്കാരം നടത്തും.
പണ്ഡിറ്റ് കറുപ്പന്റെ സാമൂഹിക പരിഷ്കരണങ്ങൾ ക്ലാസിക്കൽ ന്യത്തശൈലിയിൽ ചിട്ടപ്പെടുത്തി അവതരിപ്പിക്കും. എ.കെ.ജി, അയ്യന്റെ യാത്ര, മന്നത്ത് ആചാര്യൻ, മൂകാംബികാദേവി എന്നീ ഇനങ്ങളും സാമൂഹികപ്രശ്നമായ മുല്ലപ്പെരിയാറും നൃത്തരൂപത്തിൽ അരങ്ങിലെത്തും. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യാതിഥിയാകും. 33 കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
സമാപനദിവസമായ 26ന് ശ്രീശങ്കര മ്യൂസിക് അക്കാഡമിയിലെ വിദ്യാർത്ഥിനികളുടെ സംഗീതപരിപാടി. ഫെസ്റ്റിവൽ ചെയർമാൻ കെ.ടി. സലിം, കൺവീനർ എ.ആർ. അനിൽകുമാർ, ഡോ. പി.വി. ജയരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.