ആലങ്ങാട്: തുടർച്ചയായി പെയ്തതോടെ ആലങ്ങാട് പഞ്ചായത്തിലെ തിരുവാല്ലൂർ മാളികംപീടിക ലിങ്ക് റോഡിലെ വീടുകൾ വെള്ളത്തിലായി. ലിങ്ക് റോഡിലേയും സമീപപ്രദേശങ്ങളായ വാതുറക്കാവ് ഭഗവതി ക്ഷേത്ര പരിസരങ്ങളിലെയും ജനങ്ങളാണ് ദുരിതത്തിലായത്. എംടി ലിങ്ക്, വാതുറക്കാവ് പ്രദേശങ്ങളിലെ കണ്ടനാട് അനിൽകുമാർ, പറയമ്പറമ്പ് ജയൻ, തൈപ്പിള്ളിത്തറ പുരുഷോത്തമൻ, താന്നിക്കൽ സുനിത ഹെലൻ, തിരുവാല്ലൂർ പെരിയാർവാലി കനാൽപുറമ്പോക്ക് കോളനി നിവാസികൾ തുടങ്ങി ഇരുപതോളം കുടുംബങ്ങൾക്കാണ് ഗതിമുട്ടിയത്. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായി മഴയുണ്ടായെങ്കിലും ഇന്നലെ പുലർച്ചെയാണ് വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടത്. വീട്ടുകാർക്ക് മുറ്റത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ്. സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ മുങ്ങിയതിനാൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്. സമീപത്തെ ചതുപ്പുനിലങ്ങളിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന വെള്ളമാണ് വീടുകളിലേക്ക് ഒഴുകി എത്തിയത്. മഴ തുടർന്നാൽ വെള്ളം വീടുകൾക്കുള്ളിലേക്ക് കയറുമെന്ന ആശങ്കയിലാണ് ഇവിടത്തുകാർ.
തിരുവാല്ലൂരിലെ ചതുപ്പുനിലങ്ങളിൽ കാലവർഷം കടുക്കുമ്പോൾ വെള്ളം നിറയാറുണ്ട്. ഈ വെള്ളം വാതുറക്കാവ് കനാൽവഴി ഇടമുളത്തോട്ടിലേക്ക് ഒഴുകുകയാണ് പതിവ്. ഇടയ്ക്ക് കനാലിലെ നീരൊഴുക്ക് തടസപ്പെട്ടപ്പോൾ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ശുചീകരിച്ച് ഒഴുക്ക് പുന:സ്ഥാപിച്ചിരുന്നു. പിന്നീടിത് മഴക്കാല പൂർവ്വശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഏറ്റെടുത്തു. ഇത്തവണ ശുചീകരണം മുടങ്ങിയതിനാൽ കാടും ചവറും നിറഞ്ഞ് വഴിയടഞ്ഞ നിലയിലാണ്.
200 മീറ്ററോളം നീളമുള്ള കനാലിൽ പെരിയാർവാലി നീർപ്പാലത്തിന് താഴെയുള്ള തടസം നീക്കിയില്ലെങ്കിൽ കാലവർഷത്തിൽ വീടുകളിൽ വെള്ളംകയറും. ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് സത്വര നടപടി സ്വീകരിക്കണമെന്ന് എം.ടി ലിങ്ക് റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സക്കറിയ മണവാളൻ ആവശ്യപ്പെട്ടു.