eshattamaram

മൂവാറ്റുപുഴ: വൃക്ഷത്തൈ നട്ട് പരിപാലിക്കുന്നതിലൂടെയുള്ള പ്രകൃതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇഷ്ട മരം ഫൗണ്ടേഷൻ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികളുടെ വീടുകളിൽ നടപ്പിലാക്കുന്ന 'വീട്ടിലൊരു കറിവേപ്പ് 'പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം തട്ടേക്കാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് ഓഫീസർ ടി.എം. റഷീദ് നിർവ്വഹിച്ചു. ഇഷ്ടമരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാറുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗവ യു.പി സ്കൂളിലെ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ കറിവേപ്പ് തൈകൾ നൽകിയത്. വരും ദിവസങ്ങളിൽ ഉപ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കറിവേപ്പ് തൈകൾ വിതരണം ചെയ്യും. കറിവേപ്പ് നന്നായി നട്ട് വളർത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും. ഈ വർഷം 2022 വൃക്ഷത്തൈകൾ നടുന്ന ഇഷ്ടമരം ചലഞ്ചും പുരോഗമിക്കുകയാണ്. പരിപാടിയോട് 'അനുബന്ധിച്ച് മരങ്ങളും പ്രകൃതിയും' എന്ന വിഷയത്തിൽ നടത്തിയ കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ എം.എ. അഹമ്മദ് വസീം, കെ.ദിൽരൂപ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.ഷാജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.എ.ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് വി.എ.റഹീമ ബീവി, നേച്ചർ ക്ലബ്ബ് കോ- ഓഡിനേറ്റർ കെ .എം.നൗഫൽ എന്നിവർ സംസാരിച്ചു.