ആലുവ: മഴയുടെ ദുരിതമനുഭവിക്കുകയാണ് ആലുവക്കാർ. ആലുവയിലെ പ്രധാനപാതകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ ആലുവ - എറണാകുളം റോഡ് വെള്ളത്തിൽ മുങ്ങിയതോടെ വാഹനങ്ങൾ വഴിതിരിച്ച് വിട്ടു.
നിരവധി വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി. കഴിഞ്ഞ ഞായറാഴ്ചയും ഇതുപോലെ വെള്ളംകയറി കച്ചവടക്കാർക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. നഗരത്തിലെ പവ്വർഹൗസ്, ഗവ. ആശുപത്രി, പട്ടേരിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് റെയിൽവേ ട്രാക്കിന്റെ കിഴക്കുവശത്തുകൂടി ഒഴുകിവരുന്ന വെള്ളം പിന്നീട് ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്ത് കൂടിയാണ് പെരിയാറിലേക്ക് ഒഴുകുന്നത്. 50 വർഷം മുമ്പ് ഉണ്ടായിരുന്ന കാനയിലൂടെയാണ് ഇപ്പോഴും വെള്ളം ഒഴുകുന്നത്. ശക്തമായി ഒഴുകിയെത്തുന്ന വെള്ളം സുഗമമായി പോകാൻ ആവശ്യമായ സംവിധാനം ഒരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. വർഷങ്ങളായി കാനശുചീകരണം മുടങ്ങിക്കിടക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് എറണാകുളം റോഡിൽ അശാസ്ത്രീയമായി നിർമ്മിച്ച കാനയും വെള്ളക്കെട്ട് രൂക്ഷമാക്കി. നിരവധിതവണ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നഗരസഭയുടെ അലംഭാവം തുടർന്നാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ പറഞ്ഞു.
ഷാഡിലൈൻ വെള്ളത്തിൽ തന്നെ
നഗരസഭയിൽ തോട്ടക്കാട്ടകര 24 -ാം വാർഡിൽപ്പെട്ട ഷാഡിലൈനിൽ മഴയാരംഭിച്ചതോടെ വെള്ളക്കെട്ടും തുടങ്ങി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ മഴക്കാലത്തെ സ്ഥിരംകാഴ്ച്ചയാണിത്. ചില സ്ഥലങ്ങളിൽ മുട്ടോളം വെള്ളമുണ്ടാകും. മഴ അവസാനിച്ചാലും വെള്ളക്കെട്ട് നീങ്ങാൻ പിന്നെയും ദിവസങ്ങളെടുക്കും. വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതുവരെയും നഗരസഭാ അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് പ്രദേശവാസിയായ കെ.കെ. മോഹനൻ ആരോപിച്ചു.