ആലങ്ങാട്: യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ച മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിൽ ഊഴം വച്ച് പ്രസിഡന്റ് സ്ഥാപനം പങ്കിടാനുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ആദ്യ വർഷത്തെ പ്രസിഡന്റായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവുമായ എ.എം. അലിയെ തിരഞ്ഞെടുത്തു.

തൊട്ടടുത്ത രണ്ട് വർഷം പി.എം. സക്കീറും അവസാന രണ്ടു വർഷം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ടി.എ. മുജീവും പ്രസിഡന്റ് സ്ഥാനം വഹിക്കാനാണ് ധാരണ. യു.ഡി.എഫിലെ മറ്റു ഘടകകക്ഷി അംഗങ്ങളില്ലത്തതിനാൽ കോൺഗ്രസ് പ്രതിനിധികൾ തന്നെയാണ് സ്ഥാനം പങ്കിടുന്നത്. റിട്ട. തഹസിൽദാർ എ.എം. അബ്ദുൾ സലാമാണ് വൈസ് പ്രസിഡന്റ്. ബാങ്ക് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ അസി. രജിസ്റ്റാർ ഷാജിതയും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു. 35 വർഷം യു.ഡി.എഫ്. ഭരിച്ചിരുന്ന സഹകരണ ബാങ്ക് 2017 ൽ യു.ഡി.എഫ് രണ്ട് പാനാലായി മത്സരിച്ചതിനെതുടർന്ന് ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. അഞ്ചു വർഷത്തിനുശേഷം അഭിപ്രായ വ്യത്യാസങ്ങൾ തീർത്ത് കോൺഗ്രസ് പ്രതിനിധികൾ ഒന്നിച്ചതോടെയാണ് തിരിച്ചുപിടിക്കാനായത്.