തൃക്കാക്കര: തൃക്കാക്കര നിയമസഭാ മണ്ഡല ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്‌റ്റേഷനുകളിൽ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കാൻ സർവസജ്ജമായി ജില്ലാ ആരോഗ്യ വിഭാഗം. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ദിനത്തിലും തലേ ദിവസവും മൊബൈൽ ആംബുലൻസ് സേവനം ലഭ്യമാക്കും. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലും പ്രവർത്തന സജ്ജമായ മെഡിക്കൽ സംഘം ഉണ്ടാകും. തിരഞ്ഞെടുപ്പ് ജോലികളിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ പരിഗണിക്കുന്നതിനായി ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷൻ, വിതരണ കേന്ദ്രം, ട്രെയിനിംഗ് കേന്ദ്രം, വോട്ടെണ്ണൽ കേന്ദ്രം എന്നിവിടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കും. കാലതാമസമില്ലാതെ ജീവനക്കാരുടെ വേതനവും നൽകും.