ആലുവ: നെതർലാൻഡ്‌സ് അഗ്രിൾച്ചറൽ അറ്റാഷെ റിക് നോബേൽ ആലുവ തുരുത്തിലുള്ള സംസ്ഥാന സീഡ് ഫാം സന്ദർശിച്ചു. ജൈവകൃഷിരീതികൾ നേരിട്ട് മനസിലാക്കുകയായിരുന്നു ലക്ഷ്യം. ഫാമിൽ വളർത്തുന്ന നാടൻ പശുക്കളുടെ ചാണകവും ഗോമൂത്രവും ശീമക്കൊന്ന ഇലകളും മത്സ്യവും ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ ജൈവവളർച്ചാ ത്വരകങ്ങൾ, കീടവികർഷിണികൾ, ജീവാണു വളങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന രീതികൾ മനസിലാക്കി. ഫാം അസിസ്റ്റന്റ് ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട് സ്വീകരിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മൊഹമ്മദാലി, വാർഡ് മെമ്പർ നഹാസ്, ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ എന്നിവർ സംബന്ധിച്ചു.