ആലുവ: ചൂണ്ടി ഭാരത് മാതാ ലാ കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബദൽ തർക്കപരിഹാര സെല്ലായ എ.ഡി.ആർ ഇന്റർനാഷണൽ കോൺക്ലേവ് 22ന് തുടങ്ങുമെന്ന് കോളേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അറിയിച്ചു. ആദ്യമായിട്ടാണ് അന്താരാഷ്ട്ര സമ്മേളനവും ആർബിട്രേഷൻ തിയറി ആൻഡ് പ്രാക്ടീസ് എന്ന വിഷയത്തിൽ ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സും സംഘടിപ്പിക്കുന്നത്.
22ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ചടങ്ങിൽ സുപ്രീംകോടതി ജസ്റ്റിസ് കെ.എം. ജോസഫ് മുഖ്യാതിഥിയായിരിക്കും. സിംഗപ്പൂർ ബെഹായ് ഏഷ്യ അന്താരാഷ്ട്ര തർക്കപരിഹാര സെന്റർ പ്രസിഡന്റ് പ്രൊഫ. സ്റ്റീവോ എങ്കോ, മഹാരാജാ സായാജിറാവു സർവകലാശാല അസി. പ്രൊഫ. കവിതഫാട്ടിയ എന്നിവർ അതിഥികളായിരിക്കും. മാർ ആന്റണി കരിയിൽ അദ്ധ്യക്ഷനാകും. നൂറോളം പ്രതിനിധികൾ പങ്കെടുക്കും. അഡ്വ. അനിൽ സേവ്യർ, പ്രൊഫ. അനീഷ്, വി. പിള്ള തുടങ്ങിയവർ ക്ലാസെടുക്കും.
കോളേജ് അസി. ഡയറക്ടർ ഫാമസ് മഴുവഞ്ചേരി, പ്രിൻസിപ്പൽ ഡോ. വി എസ് സെബാസ്റ്റ്യൻ, അഡ്വ. കൃഷ് ആന്റണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.