മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ കക്കടാശ്ശേരി- കാളിയാർ റോഡിന്റെയും മൂവാറ്റുപുഴ - തേനി റോഡിന്റെയും നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. നിർമ്മാണം അവലോകനം ചെയ്യാൻ ഉന്നതതല യോഗങ്ങൾ ചേർന്നു. തിരുവനന്തപുരത്ത് ഉന്നതതല യോഗവും മൂവാറ്റുപുഴയിൽ നടത്തിപ്പ് സംബന്ധിച്ചുമാണ് യോഗങ്ങൾ ചേർന്നത്. സ്‌കൂൾ തുറക്കും മുമ്പേ മുഴുവൻ വിദ്യാർത്ഥികൾക്കും യാത്രാ സൗകര്യം ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു. പണിനടക്കുന്നതു കാരണം വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ താറുമാറായ ഗ്രാമീണ റോഡുകൾ അടിയന്തിരമായി നവീകരിക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകി.
മൂന്നു പഞ്ചായത്തുകളിൽ ജൽ ജീവൻ പദ്ധതികൾ തീരാനുണ്ട്. റോഡ് നിർമ്മിച്ചശേഷം പൈപ്പിടുകയെന്നത് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമാകും. അതിനാൽ റോഡ് പണിക്കു മുമ്പേ പൈപ്പിടണമെന്ന് ജൽജീവൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പൈപ്പുകളുടെ ലഭ്യതക്കുറവ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു ദിവസത്തിനകം പൈപ്പ് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി എം.എൽഎ അറിയിച്ചു. കക്കടാശേരി -കാളിയാർ റോഡിലെ പുളിന്താനം പാലത്തിന്റേയും മറ്റു കലുങ്കുകളുടേയും നിർമ്മാണം ത്വരിതഗതിയിലാണ് പൂർത്തിയാക്കുന്നത്. ഇതോടൊപ്പം റവന്യൂ -സർവ്വേ ഉദ്യോഗസ്ഥർ സംയുക്തമായി രണ്ടുറോഡുകളുടേയും സർവ്വേ നടപടികൾ പൂർത്തിയാക്കുമെന്നും കുഴൽനാടൻ പറഞ്ഞു.
തിരുവനന്തപുരത്തെ യോഗത്തിൽ പ്രൊജക്ട് ഡയറക്ടർ സാംബശിവറാവു ഐ.എ.എസ്, കെ.എസ്.ടി.പി സി.ഇ.ഒ ഡിങ്കി റോയി എന്നിവരും സംബന്ധിച്ചു. മൂവാറ്റുപുഴയിൽ കെ.എസ്.ടി.പി, റവന്യൂ, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.