
തൃക്കാക്കര: ചെറുതും വലുതുമായ 757 ഫ്ളാറ്റുകൾ; അതിൽ 12,000ഓളം വോട്ടുകളും. തൃക്കാക്കരയിൽ വിജയത്തിന്റെ ഗതി നിശ്ചയിക്കാൻ ഈ കണക്കുകളും ഏറെ നിർണായകം. മൂന്ന് മുന്നണികളും തൃക്കാക്കരയിലെ ഫ്ളാറ്റുകൾ പലവട്ടം കയറിയിറങ്ങി വോട്ടുപിടിത്തം ഉഷാറാക്കിയിട്ടുണ്ട്.
സാധാരണ പ്രവർത്തകർക്ക് ഫ്ളാറ്റുകളിലെ വോട്ടർമാരുമായി ബന്ധമില്ലാത്തത് തിരിച്ചടിയാണ്. ഫ്ളാറ്റ് അസോസിയേഷനുകളുടെയും കെയർടേക്കർമാരുടെയും സഹായത്തോടെ യോഗങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചാണ് വോട്ടുപിടിത്തം. പൊതുവേ തിരഞ്ഞെടുപ്പുകാലത്ത് ഫ്ളാറ്റുകളിൽ പ്രാദേശിക രാഷ്ട്രീയക്കാർക്ക് പ്രവേശനം അനുവദിക്കാറില്ല. നേതാക്കളെ രംഗത്തിറക്കിയാണ് ഈ പ്രതിസന്ധി മറികടക്കുന്നത്. ഫ്ളാറ്റുവാസികളുടെ വാട്‌സ്ആപ്പ് നമ്പർ സംഘടിപ്പിച്ചും വോട്ടഭ്യർത്ഥനയുണ്ട്. മണ്ഡലത്തിലെ ഫ്ളാറ്റുകൾ ഏറെയും തൃക്കാക്കര മുൻസിപ്പൽ പ്രദേശത്താണ്. കാക്കനാട് ടി.വി സെന്ററിന് സമീപം ഡി.എൽ.എഫിന്റെ മാത്രം 11 ഫ്ളാറ്റ് സമുച്ചയങ്ങളുണ്ട്.
ഫ്ളാറ്റുകൾ താണ്ടി പ്രമുഖർ
എൽ.ഡി.എഫ്
മന്ത്രിമാരായ പി.രാജീവ്, വീണാ ജോർജ്, ആർ.ബിന്ദു, മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, കെ.രാജൻ, ജെ.ചിഞ്ചുറാണി, നേതാക്കളായ എം.സ്വരാജ്, എം.എം.മണി തുടങ്ങിയവരാണ് ഇടതിനായി ഫ്ലാറ്റുകൾ കയറിയിറങ്ങുന്നത്.
യു.ഡി.എഫ്
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ, ഹൈബി ഈഡൻ, അൻവർ സാദത്ത്, ബെന്നി ബെഹനാൻ, കെ.ബാബു, ടി.ജെ.വിനോദ്, എൽദോസ് കുന്നപ്പിള്ളി, ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ, കെ.സി.ജോസഫ് തുടങ്ങിയരാണ് യു.ഡി.എഫിനായി രംഗത്തുള്ളത്.
എൻ.ഡി.എ
സുരേഷ് ഗോപി, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, ഇ.ശ്രീധരൻ തുടങ്ങിയ നേതാക്കളെ രംഗത്തിറക്കാനാണ് എൻ.ഡി.എയുടെ പദ്ധതി.