
കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വല്ലത്തെയും ആലുവ മണ്ഡലത്തിലെ പാറപ്പുറത്തേയും ബന്ധിപ്പിച്ചു നിർമിക്കുന്ന വല്ലംകടവ് -പാറപ്പുറം പാലത്തിന്റെ മണ്ണിടിഞ്ഞ ഭാഗത്ത് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. പാലത്തിന്റെ ചേലാമറ്റം വില്ലേജ് പരിധിയിലെ ഭാഗത്താണ് മണ്ണിടിഞ്ഞത്.
2016 ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ നിർമ്മാണച്ചെലവ് 22.22 കോടി രൂപയാണ്. ഇതിൽ 12.89 കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയാപ്പോൾ നിർമ്മാണം നിലച്ചു.
9.33 കോടി രൂപയുടെ പുതിയ ടെൻഡർ പ്രകാരമുള്ള പണിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. 288 മീറ്ററാണു പാലത്തിന്റെ നീളം. വീതി 14 മീറ്റർ. ഇതിൽ 3.25 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയുണ്ടാകും. പാലം പൂർത്തിയായാൽ കൊച്ചി രാജ്യാന്തര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂർ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്താനാകും. കിഴക്കൻ ജില്ലകളിൽ നിന്നെത്തുന്നവർക്ക് 8 കിലോമീറ്റർ ലാഭിക്കാം. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂർ, തുറവുംകര, പുതിയേടം പ്രദേശങ്ങളിലുള്ളവർക്കു പെരുമ്പാവൂർ പട്ടണത്തിലേക്ക് എളുപ്പം എത്താനാകും.
പദ്ധതി പ്രദേശത്തെ തർക്കങ്ങൾ പരിഹരിച്ച് കാലവർഷം ആരംഭിക്കുന്നതിനു മുൻപായി നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നേരത്തെ തന്നെ എംഎൽഎ നിർദ്ദേശം കൊടുത്തിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്തെ വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ജില്ലാ ദുരന്ത നിവാരണ വകുപ്പിനും കളക്ടർക്കും എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്. നിലവിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.