
കൊച്ചി: മഴക്കാലത്ത് ഗൂഗിൾ മാപ്പ് നോക്കി അപരിചിതമായ വഴികളിലൂടെ പോകുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. എളുപ്പമുള്ള വഴിയേ ഗൂഗിൾമാപ്പ് പറയൂ. എന്നാൽ, ആ വഴി ഒരുപക്ഷേ മഴക്കാലത്ത് യാത്രയ്ക്ക് പറ്റിയതാവണമെന്നില്ല.
തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിവീണും യാത്ര സാദ്ധ്യമല്ലാത്ത റോഡുകളുണ്ടാകാം. ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് രാത്രികളിൽ ചിലപ്പോൾ വഴിയറിയാതെ പെട്ടുപോകാനും ഇടയുണ്ട്. സിഗ്നൽ നഷ്ടപ്പെടാൻ സാദ്ധ്യതയുള്ള റൂട്ടുകൾ ആദ്യമേ റൂട്ട് ഡൗൺലോഡ് ചെയ്തിടുന്നത് നല്ലതാണെന്ന് അധികൃതർ പറയുന്നു.
മോട്ടോർ വാഹനവകുപ്പ് മീഡിയ സെൽ എം.വി.ഐ രാംജി കെ.കരണിന്റെ പ്രതികരണം:
''മഴക്കാലത്ത് പ്രധാന നിരത്തുകളിലൂടെയുള്ള യാത്രയാണ് സുരക്ഷിതം. അല്പം താമസിച്ചാലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താം""