
കൊച്ചി: കന്നിയാത്രയിൽ തന്നെ വൻവിജയം കുറിച്ച് കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിന്റെ എറണാകുളം-ചെന്നൈ സർവീസ്. ബുധനാഴ്‌ച രാത്രി 7.45നാണ് എറണാകുളം ഡിപ്പോയിൽ നിന്ന് 38 യാത്രക്കാരുമായി സ്വിഫ്‌റ്റ് ചെന്നൈയ്ക്ക് പുറപ്പെട്ടത്. 11 പേരാണ് നേരിട്ട് ചെന്നൈയ്ക്ക് ടിക്കറ്റെടുത്തവർ. മടക്കയാത്രയിൽ ആകെ യാത്രക്കാർ 40. നേരിട്ട് എറണാകുളത്തേക്ക് ടിക്കറ്റെടുത്തവർ 13. ആദ്യയാത്രയിൽ കെ.എസ്.ആർ.ടി.സിയുടെ കീശയിലെത്തിയ വരുമാനം 67,000 രൂപ.
വ്യാഴാഴ്ചത്തെ ചെന്നൈ ബസിൽ 40 പേർ കയറി; 13 പേർ നേരിട്ട് ചെന്നൈയ്ക്കുള്ളവർ. ഇന്നലെ പുറപ്പെട്ട ബസിലും യാത്രക്കാർ ഫുൾ. വൈറ്റില, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, വില്ലുപുരം, ചെങ്കൽപ്പേട്ട വഴിയാണ് സർവീസ്. വൈകിട്ട് 7.45ന് പുറപ്പെടും. രാവിലെ 8.40ന് ചെന്നൈയിലെത്തും. മടക്കയാത്ര രാത്രി 8ന്. ടിക്കറ്റ് നിരക്ക് 1,410 രൂപ.
ചെന്നൈയ്ക്ക് പുറമേ നിലവിൽ ബംഗളൂരുവിലേക്ക് രണ്ടും കൊല്ലൂരിലേക്ക് ഒന്നും സ്വിഫ്റ്റ് സർവീസുകളുണ്ട്. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ.