പറവൂർ: അന്തർദേശീയ വോളിബാൾ ഫെഡറേഷന്റെ ഫെഡറേഷൻ ഇന്റർനാഷനൽ വോളിബാൾ ലെവൽ വൺ പരിശീലകനായി ടി.ആർ. ബിന്നി. ചെന്നെയിൽ നടന്ന ഫെഡറേഷന്റെ കോച്ചിംഗ് കോഴ്സിൽ ഉന്നത വിജയം നേടിയാണ് ലെവൽ വൺ പരിശീലന യോഗ്യത നേടിയത്. എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ കായികാദ്ധാപകനാണ്. ഏതു രാജ്യത്തിന്റെയും വോളിബാൾ ടീമിന്റെ പരിശീലകനാകാനുള്ള യോഗ്യതയാണ് ഇതിലൂടെ കരസ്ഥമാക്കിയത്. സ്കൂൾ കായികാദ്ധ്യാപകരിൽ ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെയാളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വോളിബാൾ ചാമ്പ്യൻഷിപ്പ് നടത്തിയ വിദ്യാലയം ഇദ്ദേഹം പഠിപ്പിക്കുന്ന എസ്.എൻ.വി സ്കൂളാണ്. ഒരു ദേശീയ ചാമ്പ്യാൻഷിപ്പും അഞ്ച് സംസ്ഥാന ചാമ്പ്യൻഷിപ്പും ഒട്ടേറെ ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ സീനിയർ ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ അശ്വനി എസ്. കുമാറും ഈ വർഷം എഫ്.ഐ വി.ബി ലെവൽ വൺ പരിശീലകയായിട്ടുണ്ട്. 2000ലധികം കായിക താരങ്ങൾ ടി.ആർ. ബിന്നിയുടെ ശിക്ഷണത്തിൽ വോളിബാൾ പരിശീലനം നേടിയിട്ടുണ്ട്. ഇതിൽ എഴുപത് പേർ ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെയും യൂണിവേഴ്സിറ്റിയെയും പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്.