പറവൂർ: ഭീമമായ കമ്മിഷൻ മോഹിച്ച് ജനവിരുദ്ധ വികസനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് തൃക്കാക്കരയിലെ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് എ.ഐ.സി.സി അംഗവും മുൻ എം.പിയുമായ കെ.പി. ധനപാലൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനം യു.ഡി.എഫ്‌ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനാശത്തിന്റെ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എ. അഗസ്റ്റിൻ, നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, കെ. ശിവശങ്കരൻ, കെ.കെ. സുഗതൻ, എം.ജെ. രാജു, കെ.കെ. അബ്ദുള്ള, അനു വട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.