
കൊച്ചി: ചോറ്റാനിക്കര തിരുവാങ്കുളം ടോക് എച്ച്- കമ്പിവേലിക്കകം റോഡിന് സമീപത്തെ നൂറോളം കുടുംബങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ വെള്ളത്തിൽ നീന്തണം. റോഡിൽ വെള്ളക്കെട്ടായതിനാൽ ഇരുചക്രവാഹനം പോലും ഇറക്കാനാകില്ല.
വെള്ളക്കെട്ടിലൂടെ പോയാൽ കാലൊന്ന് തെറ്റിയാൽ അരികിലെ പാടത്തേക്ക് വീഴും. രണ്ടാഴ്ചയോളമായി ഇതാണവസ്ഥ. മഴക്കാലമായാൽ വർഷങ്ങളായി ഈ ദുരിതത്തിലാണ് കുടുംബങ്ങൾ. റോഡിൽ വെള്ളം കയറിയാൽ ദ്വീപ് നിവാസികളെ പോലെ പുറംലോകവുമായി ബന്ധമില്ലാതെയാകും. തൃപ്പൂണിത്തുറ നഗരസഭയുടെ കിഴക്കേ അതിരാണ് കമ്പിവേലിക്കകം പ്രദേശം. മുപ്പത് വർഷമായി ഈ വീട്ടുകാർ വർഷക്കാലത്ത് ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്.
400 മീറ്റർ
ടോക് എച്ച്- കമ്പിവേലിക്കകം റോഡിന് ഇരുവശവും നെൽവയലാണ്. കോണോത്തുപുഴയിൽ വെള്ളം നിറഞ്ഞാൽ തരിശായി കിടക്കുന്ന വയലും 400 മീറ്ററോളം നീളമുള്ള റോഡും മുങ്ങും. അവശതയിലായാൽ കസേരയിൽ ചുമന്ന് വേണം ആളെ പുറത്തെത്തിക്കാൻ. അര കിലോമീറ്ററോളം നടന്ന് സമീപത്തുള്ള റെയിൽവേ ട്രാക്ക് കടന്നാണ് ഇപ്പോൾ പ്രദേശവാസികൾ പുറത്ത് പോകുന്നത്.
റോഡ് പഞ്ചായത്ത് വക
വീട്ടുകാർ നഗരസഭയിലും
കമ്പിവേലിക്കകം റോഡ് ചോറ്റാനിക്കര പഞ്ചായത്തിലും യാത്രക്കാർ തൃപ്പൂണിത്തുറ നഗരസഭയിലുമാണുള്ളത്. റോഡ് ഉയർത്തുന്ന കാര്യത്തിൽ ഇരുവിഭാഗത്തിനും താത്പര്യമില്ല. തൃപ്പൂണിത്തുറ നഗരസഭയുടെ 25-ാം ഡിവിഷനും ചോറ്റാനിക്കര പഞ്ചായത്തിന്റെ ഒന്നാം വാർഡുമാണിവിടം.
റോഡിന്റെ ശോചനീയാവസ്ഥ മാറ്റുമെന്നും പ്രഭാത സവാരിക്ക് പാർക്ക് നിർമ്മിക്കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് പതിവാണെങ്കിലും ഒന്നും നടന്നിട്ടില്ല. പലവട്ടം എസ്റ്റിമേറ്റും എടുത്തിട്ടുണ്ട്.
അനൂപ് ജേക്കബ് എം.എൽ.എയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും എം.എൽ.എ ഫണ്ട് ലഭിക്കാൻ ശ്രമിക്കുന്നുണ്ട്. റോഡ് പഞ്ചായത്തിന്റേതായതിനാൽ നഗരസഭയ്ക്ക് ഫണ്ട് ചെലവാക്കാൻ പറ്റില്ല. കോണോത്ത് പുഴയുടെ ആഴം കൂട്ടിയാൽ പ്രശ്നത്തിന് പരിഹാരമാകാനിടയുണ്ട്.
സി.എ.ബെന്നി
കൗൺസിലർ, തൃപ്പൂണിത്തുറ നഗരസഭ
റോഡ് പഞ്ചായത്ത് വകയാണ്. റോഡ് പുനനിർമ്മിക്കാൻ പഞ്ചായത്തിന് സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റ് ഫണ്ടുകൾ കണ്ടെത്തി റോഡ് നിർമ്മിക്കുന്ന കാര്യം ആലോചിക്കാം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
അനൂപ് ജേക്കബ്
എം.എൽ.എ