nagarasabha

മൂവാറ്റുപുഴ: നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണ ശാലകളിൽ നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. മൂവാറ്റുപുഴ ഗ്രാൻഡ് സെന്റർ മാളിൽ പ്രവർത്തിക്കുന്ന ചിക്കിങ്, മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ ലതാ ബസ് സ്റ്റാൻഡിന് സമീപത്തെ ബൻസ് ആൻഡ് ബീൻസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. ചിക്കിങ്ങിൽ നിന്നും 50 കിലോയോളം പഴകിയ ചിക്കൻ കണ്ടെടുത്തു. ചിക്കൻ പാകം ചെയ്യുന്ന ഗ്രിൽ വൃത്തിഹീനമായിരുന്നു. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ലെന്നും ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ് പറഞ്ഞു. ബൻസ് ആൻഡ് ബീൻസിൽ നിന്നും പഴകിയ മയോണൈസ്, ബീഫ്, ചിക്കൻ, ഫിഷ്, ഫ്രൂട്ട്സ്, ഫ്രഷ് ക്രീം,കുബ്ബൂസ് തുടങ്ങിയ സാധനങ്ങളാണ് പിടിച്ചെടുത്തത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷ്യശാലകളിൽ ശക്തമായ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ അഷറഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിത്യ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.