കൊച്ചി: യു.ഡി.എഫിനായി വോട്ടാവശ്യപ്പെട്ടും പകരം പണം വാഗ്ദാനം ചെയ്തും സ്ഥാനാർത്ഥിയുടെ ചിത്രം സഹിതം പരസ്യം ചെയ്തെന്നാരോപിച്ച് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.സ്വരാജ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.

കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസ് യൂത്ത് വിംഗിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റിനെതിരെയാണ് പരാതി.

ഏറ്റവും വലിയ ലീഡ് യു.ഡി.എഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,001 രൂപ സമ്മാനം നൽകുമെന്നാണ് പോസ്റ്റ്. ബൂത്ത് കമ്മിറ്റി അംഗങ്ങൾ മണ്ഡലത്തിലെ വോട്ടർമാരായതിനാൽ വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നതാണ് പരസ്യമെന്ന് പരാതിയിൽ പറയുന്നു. മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.