accident

മൂവാറ്റുപുഴ: കോട്ടയം - മൂവാറ്റുപുഴ എം.സി.റോഡിൽ ഉന്നകുപ്പ വളവിൽകാറിലും ബൈക്കിലും ലോറി ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങൾ അടക്കം എട്ട് പേർക്ക് പരിക്ക്.

ഇന്നലെ രാവിലെ 11 മണിയോടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം റൂട്ടിൽ ഈസ്റ്റ് മാറാടി ഉന്നക്കുപ്പ വളവിലാണ് അപകടം.

കോട്ടയത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ഉന്നക്കുപ്പ വളവിൽ വച്ച് ബൈക്കിലും കാറിലും ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥൻ തിരുവല്ല തൈമറ മാമ്പറപ്പറമ്പിൽ ഫിലിപ്പ് വർഗ്ഗീസ് (43), ഭാര്യ ധന്യ (39), മക്കളായ അനുഷ (11), ആഞ്ജല (6), അച്ഛൻ എം.പി.വർഗ്ഗീസ് (71), കാർ ഡ്രൈവർ രതീഷ് (30), ലോറി ഡ്രൈവർ ഇഞ്ചൂർ വെളിയത്ത് അജി (26), ബൈക്ക് യാത്രക്കാരൻ ഈസ്റ്റ് മാറാടി ഇല്ലത്ത്മല ശരത് ശശി(32) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ ആഞ്ജല, അനുഷ, ഫിലിപ്പ്, വർഗ്ഗീസ്. ധന്യ എന്നിവരെ വിദഗ്ധ ചികിത്സക്കായി തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചു. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ആദ്യം ബൈക്കിൽ ഇടിച്ച ലോറി കാറിനെ ഇടിച്ച് നിരക്കിക്കൊണ്ടുപോയി. റോഡിന് വശത്തുള്ള കരിങ്കൽ കെട്ടിനു മുകളിലൂടെയാണ് കാറും ലോറിയും താഴേക്കു പതിച്ചത്. കാറിനു മുകളിൽ ലോറിയുടെ മുൻഭാഗം കുത്തിയാണ് നിന്നത്. ലോറി ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.