മൂവാറ്റുപുഴ: വിലയിടവിൽ വലയുന്ന കർഷകരെ രക്ഷിക്കാൻ താങ്ങുവില നൽകി പൈനാപ്പിൾ സംഭരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. കാലവർഷം കനത്തതോടെ പൈനാപ്പിൾ ആഭ്യന്തര വിപണി ഇടിഞ്ഞു. ഇതര സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതിയും ക്രമാതീതമായി കുറഞ്ഞു. സാധാരണ നിലയിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ ഉയർന്ന വില പ്രതീക്ഷിച്ച് കർഷകർ ഉല്പാദനം വർദ്ധിപ്പിച്ചു. എന്നാൽ അപ്രതീക്ഷിതമായെത്തിയ കനത്ത മഴ വിലയിടിവിന് കാരണമായെന്ന് എൽദോ എബ്രഹാം നിവേദനത്തിൽ പറഞ്ഞു. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി വഴി സർക്കാർ സംഭരണം ആരംഭിച്ചങ്കിലും വാഴക്കുളം മാർക്കറ്റിൽ മാത്രം 500 ടൺ പൈനാപ്പിൾ കെട്ടിക്കിടക്കുകയാണ്. അതിനാൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ പൈനാപ്പിൾ സംഭരിച്ച് സ്റ്റാളുകൾ വഴി വിറ്റഴിക്കാൻ കൃഷി വകുപ്പ് തയ്യാറാകണമെന്നും മന്ത്രി പി.പ്രസാദിന് നൽകിയ നിവേദനത്തിൽ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.