ആലുവ: മംഗലപ്പുഴ പാലത്തിന് സമീപത്തെ കള്ളുഷാപ്പിൽ നിന്ന് 760 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ജീവനക്കാരായ രണ്ടുപേരെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. അഭിഷേക് സലീന്ദ്രൻ (26), വർഗീസ് (56) എന്നിവരാണി​വർ. ഇവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. ഷാപ്പ് ലൈസൻസിയും നടത്തിപ്പുകാരും ഒളിവിലാണ്.
ഷാപ്പിനോട് ചേർന്നുള്ള ഹോട്ടലിനകത്തായി​രുന്നു രഹസ്യഅറ. മുറിക്ക് വാതിൽ ഇല്ലാത്തതിനാൽ എക്‌സൈസ് സംഘം ഭിത്തി പൊളിച്ചാണ് അകത്ത് കടന്നത്. വർഷങ്ങളുടെ പഴക്കമുണ്ട് സ്പിരിറ്റ് ടാങ്കി​ന്. കേസ് ആലുവ എക്‌സൈസ് റേഞ്ചിന് കൈമാറി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാർ,​ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എസ്.സദയകുമാർ, ജി.കൃഷ്ണകുമാർ,​ ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി.വിനോദ്, എസ്.മധുസൂദൻനായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.