കോലഞ്ചേരി: ആക്കാംപാറയിൽ മാലിന്യം തള്ളിയ കേസിൽ മൂന്ന് പേരെ കുന്നത്തുനാട് പൊലീസ് പിടികൂടി. ചേലക്കുളം കീടേത്ത് ഷെമീർ (42), അറക്കപ്പടി കാരേക്കാടൻ അൽത്താഫ് (24), ചേലക്കുളം വലിയപറമ്പിൽ മുഹമ്മദ് സനൂപ് (28) എന്നിവരാണ് അറസ്റ്റിലായത്. ഉപയോഗിച്ച മാസ്ക്കുകളും വൈറ്റിലയിലെ സ്വകാര്യ വാഹന റിപ്പയറിംഗ് സ്ഥാപനത്തിൽ നിന്നുമുള്ള അപ്ഹോൾസറി മാലിന്യമടക്കമുള്ളവയാണ് ആക്കാംപാറ അറക്കപ്പടി റോഡിലെ ജനവാസമേഖലയിൽ തള്ളിയത്. വിവിധ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം നീക്കുന്നതിന് കരാറെടുത്തതിന്റെ മറവിലാണ് മാലിന്യം ഇവിടെ തള്ളിയത്.സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ എം.പി. എബി, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൾ മനാഫ്, വിവേക്, ഹോംഗാർഡ് യാക്കോബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.