കൊച്ചി: വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നതിന് ലൈസൻസ് ഫീസ് വാങ്ങുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വെള്ളക്കെട്ട് മൂലം വ്യാപാരികൾക്കുണ്ടായ നഷ്ടം നികത്താൻ ബാദ്ധ്യസ്ഥരാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. അടുപ്പിച്ച് രണ്ട് ദിവസം പെയ്ത മഴയിൽ കൊച്ചി നഗരം പൂർണമായും ജില്ലയിലെ മറ്റ് താഴ്ന്ന പ്രദേശങ്ങൾ ഭാഗികമായും വെള്ളത്തിനടിയിലായി. ഈ പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി കനത്ത നഷ്ടമാണ് ഓരോ വ്യാപാരികൾക്കും ഉണ്ടായിരിക്കുന്നത്.
വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കുന്നതിൽ കൊച്ചി കോർപ്പറേഷൻ പൂർണ പരാജയമാണ്. ഈനില തുടർന്നാൽ വിവിധ വ്യാപാരി സംഘടനകളുമായി ചേർന്ന് സമരപാത സ്വീകരിക്കാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്, ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ പറഞ്ഞു.