hajj

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി. വിമാനത്താവളത്തോട് ചേർന്ന സിയാൽ അക്കാഡമിയിലാണ് ക്യാമ്പ്. താത്കാലിക പന്തലിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

നെടുമ്പാശേരിവഴി ഇക്കുറി 8000ഓളം തീർത്ഥാടകർ യാത്രചെയ്യുമെന്നാണ് പ്രതീക്ഷ. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹജ്ജ് തീർത്ഥാടനത്തിന് സൗകര്യം ഒരുങ്ങുന്നത്. 2019ൽ കരിപ്പൂരിലും ക്യാമ്പുണ്ടായിരുന്നു; ഇക്കുറി ഒഴിവാക്കി.

ഹാജിമാർ, ക്യാമ്പ് വാളണ്ടിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ താമസം, ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് സെൽ ഓഫീസ്, എയർലൈൻസ് ഓഫീസ്, അലോപ്പതി ഹോമിയോ വിഭാഗങ്ങൾ, ബാങ്ക് കൗണ്ടറുകൾ തുടങ്ങിയവയ്ക്ക് അക്കാഡമി കെട്ടിടത്തിൽ സൗകര്യമുണ്ടാകും. നിസ്‌കാരസ്ഥലം, വിശ്രമകേന്ദ്രം, അസംബ്ലി ഹാൾ എന്നിവയായിരിക്കും താത്കാലിക പന്തലിൽ.

ഹാജിമാരുടെ താമസത്തിന് കൂടുതൽ സൗകര്യം ഒരുക്കാൻ താത്കാലിക പന്തലിന്റെ ഒരുഭാഗം കൂടി ക്രമീകരിക്കും.

തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴിയാണ് യാത്രചെയ്യുക. ജൂൺ മൂന്നിന് ഹജ്ജ് ക്യാമ്പ് ഔദ്യോഗികമായി ആരംഭിക്കും. നാലിനാണ് ഹാജിമാരുമായി ആദ്യ വിമാനം പുറപ്പെടുക.