കൊച്ചി: സർക്കാർ സംവിധാനം ദുരുപയോഗിച്ചും വർഗീയപ്രീണനം നടത്തിയും തൃക്കാക്കരയിൽ വോട്ട് പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ജാതിയും മതവും തിരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് ഉചിതമല്ല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തെ കടക്കെണിയിലേക്കാണ് എൽ.ഡി.എഫ് സർക്കാർ തള്ളിവിട്ടത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തവരാണ് രണ്ടുലക്ഷം കോടി ചെലവിൽ കെ-റെയിൽ നിർമ്മിക്കുമെന്ന് പറയുന്നത്.

ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് കേരളത്തിന്റെ പോക്ക്. സർക്കാരിനെ തിരുത്താൻ ജനങ്ങൾക്ക് ലഭിച്ച അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.