കൊച്ചി: കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മോശപ്പെട്ട ഭരണം കാഴ്ചവച്ച സർക്കാരാണ് രണ്ടാം പിണറായി വിജയൻ സർക്കാരെന്ന് എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എസ്. ജയകൃഷ്ണൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ
ഒന്നാംവാർഷിക ദിനത്തിൽ എൻ.ഡി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കൊലക്കളമായി മാറി. ക്രമസമാധാനനില പാടേതകർന്നു. മതതീവ്രവാദ ശക്തികൾക്ക് ഒത്താശചെയ്തുകൊടുക്കുന്ന സർക്കാരാണ് ഇത്. കടക്കെണിയിൽപ്പെട്ട് ശമ്പളം കൊടുക്കാൻപോലും സാധിക്കാത്ത സർക്കാരാണ് ഒന്നരലക്ഷം കോടി രൂപ മുടക്കി കെ-റെയിൽ കൊണ്ടുവരുന്നതിന് പരിശ്രമിക്കുന്നത്. ഇതിന് പിന്നിൽ വൻ അഴിമതിയാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടികളെല്ലാം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.എ നേതാക്കളായ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി സംസ്ഥാന സെക്രട്ടറി ജോയ് എളക്കര, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, പ്രദീപ് കുന്നുകര, എം.എൻ. ഗിരി , വി.കെ. ബസിത്കുമാർ, എം.എൻ.ഗോപി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.