കൊച്ചി: വാഹനങ്ങൾക്ക് ഭാരത് സീരീസ് (ബി.എച്ച് സീരീസ്) രജിസ്ട്രേഷൻ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജസ്‌റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ 23 ലേക്ക് മാറ്റി. ബി.എച്ച് രജിസ്ട്രേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാലടി മേരിസദൻ പ്രൊജക്‌ട്‌സ് പ്രൈവറ്റ് ലി. മാനേജിംഗ് ഡയറക്ടർ ബിബി ബേബി ഹർജി നൽകിയിരുന്നു. ഇത് നടപ്പാക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകി. 17നകം ഉത്തരവ് പാലിക്കണമെന്നും ഇല്ലെങ്കിൽ 20ന് ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ, എറണാകുളം ആർ.ടി.ഒ എന്നിവർ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. തുടർന്നാണ് സർക്കാരിനുവേണ്ടി ഗതാഗതവകുപ്പ് സെക്രട്ടറി അപ്പീൽ നൽകിയത്.ബി.എച്ച് രജിസ്ട്രേഷൻ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ചട്ടം ഭേദഗതിചെയ്തത് നിയമത്തിന്റെ പിൻബലമില്ലാതെയാണെന്നും കേരള മോട്ടോർ വെഹിക്കിൾ ടാക്‌സേഷൻ ആക്ടിലുള്ള കടന്നുകയറ്റമാണിതെന്നും അപ്പീലിൽ സർക്കാർ ആരോപിക്കുന്നു.