
കൊച്ചി: എം.പി ഫണ്ടുപയോഗിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമിയിലെ ആറാട്ടുകുളം നവീകരിച്ചത് സംബന്ധിച്ച പരാതി സി.ബി.ഐ സംസ്ഥാന വിജിലൻസിന് കൈമാറി. പൊതുകുളമാണെന്ന് ശുപാർശ ചെയ്‌ത് എം.പി ഫണ്ടിലെ 30 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നവീകരണം.
2014-15ലായിരുന്നു സംഭവം. എം.പി ഫണ്ട് ആരാധനാലയങ്ങളിൽ വിനിയോഗിക്കരുത് എന്നാണ് കേന്ദ്രനിയമം. ശ്മശാനങ്ങൾക്ക് മാത്രമാണ് ഇളവ്. പൊതുകുളമാണെന്ന് കാട്ടി പദ്ധതി നിർവഹണ ഏജൻസിയായ കൊച്ചി കോർപ്പറേഷന് എം.പിയായിരിക്കേ കെ.വി.തോമസ് കത്തുനൽകിയിരുന്നു. തുടർന്ന്, ഫണ്ടും കൈമാറി. കോർപ്പറേഷനും തനത് ഫണ്ടിൽനിന്ന് 20 ലക്ഷംരൂപ നൽകി. കോർപ്പറേഷൻ ഫയലുകളിൽ കുളത്തിന്റെ സർവേ നമ്പർ വേറെയാണ്.
ക്ഷേത്രഭൂമി പൊതുഭൂമിയാക്കി മാറ്റാനുള്ള ചിലരുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്നും എം.പി ഫണ്ട് നിയമവിരുദ്ധമായി ചെലവഴിച്ചതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണ സമിതി സെക്രട്ടറി പി.സി. ഉണ്ണികൃഷ്ണനാണ് കേന്ദ്രസർക്കാരിനെയും സി.ബി.ഐയെയും സമീപിച്ചത്.
ഏപ്രിലിൽ സി.ബി.ഐ കൊച്ചി മേഖലാ സൂപ്രണ്ടിന് നൽകിയ പരാതി മേയ് ഒമ്പതിനാണ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് കൈമാറിയത്. ഈ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി വീണ്ടും സി.ബി.ഐയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രാം ഇംപ്ളിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വിഭാഗത്തിനും ജില്ലാ പ്ളാനിംഗ് ഓഫീസിനുമാണ് എം.പി ഫണ്ട് വിനിയോഗത്തിന്റെ മേൽനോട്ട ചുമതല.
അഴകിയകാവ് ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള ദേവസ്വംവക 9.41 ഏക്കർ വേലവെളി മൈതാനം കൈയടക്കാനും പൊതുഭൂമിയാക്കാനും ഇതിലൂടെ റോഡ് നിർമ്മിക്കാനും ദീർഘകാലമായി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ദേവസ്വം ഭൂമി സർക്കാർ പുമ്പോക്കാണെന്ന് 2019 ഡിസംബറിൽ ഉത്തരവിറക്കി. ഏകപക്ഷീയമായ ഈ ഉത്തരവ് അനീതിയാണെന്ന് കാട്ടി ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.
വിശദീകരിക്കാതെ
കോർപ്പറേഷൻ
കേന്ദ്രസർക്കാരിന് ലഭിച്ച പരാതികളെ തുടർന്ന് സംസ്ഥാനത്തിനോട് വിശദീകരണം തേടിയിരുന്നു. ഇതിൽ ജില്ലാ പ്ളാനിംഗ് ഓഫീസർ നിർവഹണച്ചുമതല വഹിച്ച കൊച്ചി കോർപ്പറേഷനോട് വിശദീകരണം ചോദിച്ചു. ഒരു വർഷത്തോളം വൈകിച്ച് സെക്രട്ടറി നൽകിയ അവ്യക്തമായ രണ്ട് വിശദീകരണങ്ങളും തിരിച്ചയച്ചു. വീണ്ടും ആവശ്യപ്പെട്ടിട്ടെങ്കിലും പിന്നീട് മറുപടിയുണ്ടായില്ല. ജില്ലാ കളക്ടർ ഇതിനായി യോഗം വിളിച്ചിട്ടും കോർപ്പറേഷൻ ഫയൽ നൽകിയിട്ടില്ല.