കൊച്ചി: മഴക്കാലത്ത് വീടിലേക്ക് രാവെന്നോ പകലെന്നോ ഇല്ലാതെ ഇരച്ചെത്തുന്ന മുട്ടറ്റം വെള്ളത്തെ പേടിക്കാതെ കഴിയാൻ പി.ആൻഡ് ടി കോളനി നിവാസികൾക്ക് പുതിയ വീടൊരുങ്ങുന്നു. കടവന്ത്ര ഗാന്ധിനഗറിലെ പി ആൻഡ് ടി കോളനിനിവാസികളുടെ ദുരിതജീവിതത്തിന് ഈ മഴക്കാലത്ത് തന്നെ പരിഹാരമുണ്ടാകുമെന്ന് അധികൃതർ. ജൂൺ അവസാന ആഴ്ചയോടെ മുണ്ടംവേലിയിലെ പുതിയ ഫ്ളാറ്റിലേക്ക് ഇവരെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നിർമ്മാണം അവസാനഘട്ടത്തിലാണെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ ജി.സി.ഡി.എ അറിയിച്ചു. പ്രീ എൻജിനീയറിംഗ് സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. ഉരുക്കിൽ നിർമ്മിക്കുന്ന ഭാഗങ്ങൾ സ്ഥലത്തെത്തിച്ച് കൂട്ടി യോജിപ്പിക്കുന്നതോടെ ഭവനസമുച്ചയം പൂർത്തിയാകും. ഈ മാസം 31 ന് ഫ്ളാറ്റ് പൂർത്തീകരിക്കുമെന്നാണ് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉക്രെയിൻ യുദ്ധം മൂലം അസംസ്കൃത വസ്തുക്കൾക്കുണ്ടായ ക്ഷാമം പദ്ധതിക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം സ്റ്റീലും ഉരുക്കും ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിയതോടെ നിർമ്മാണത്തിന് വേഗത കൂടി.

82 കുടുംബങ്ങൾക്ക്

അത്താണിയാകും

മുണ്ടംവേലിയിൽ ജി.സി.ഡി.എ അനുവദിച്ച 70 സെന്റ് സ്ഥലത്താണ് ഭവനനിർമ്മാണം . തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ടി.ഡി.എൽ.സി.സി.എസ്) ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. നാലു നിലകളിലായി രണ്ടു മുറികൾ വീതമുള്ള 82 വീടുകളാണ് നിർമ്മിക്കുന്നത്. ഫ്ളാറ്റിന്റെ രണ്ടു ടവറുകളുടെയും പൈലിംഗ് ജോലി പൂർത്തിയായി. റാഫ്റ്റ് പ്രവൃത്തി പുരോഗമിക്കുന്നു. നിർമ്മാണം അതിവേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതുക്കിയ വർക് ഷെഡ്യൂൾപ്രകാരമാണ് പണി നടക്കുന്നത്. എൻജിനീയർമാരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും സൈറ്റിൽ റിവ്യു യോഗം നടത്തുന്നുണ്ട്. കെ.ജെ. മാക്സി എം.എൽ.എ, മേയർ എം.അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിൽ മാസംതോറും പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നുണ്ട്. ലൈഫ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് . 14. 61 കോടി രൂപയാണ് ചെലവ്.


 മന്ത്രിയുടെ ഇടപെടൽ

തുണച്ചു

മുൻ ചെയർമാൻ സി.എൻ. മോഹനന്റെ സമയത്താണ് കോർപ്പറേഷന്റെ അധീനതയിലുള്ള പി.ആൻഡ് ടി കോളനികളുടെ പുനരധിവാസം ജി.സി.ഡി.എ ഏറ്റെടുത്തത്. എന്നാൽ യാതൊരു പുരോഗതിയുമുണ്ടായില്ല. മന്ത്രി പി. രാജീവിന്റെ ശക്തമായ ഇടപെടലോടെ പദ്ധതിക്ക് പുതുജീവൻ ലഭിച്ചു. ഫാബ്രിക്കേഷൻ ജോലികൾ തുടങ്ങാത്ത പക്ഷം കരാറുകാരെ നീക്കാനും നിയമാനുസൃത നടപടികൾ അവർക്കെതിരെ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. കരാറുകാരുടെ സർക്കാർ അക്രഡിറ്റേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ലേബർ സൊസൈറ്റി സജീവമായി.