
ആലങ്ങാട്: കനത്ത മഴ നാശം വിതച്ച കരുമാല്ലൂരിലെ കർഷകർക്ക് ആശ്വാസം പകർന്ന് മന്ത്രി പി. രാജീവ് പാടശേഖരങ്ങൾ സന്ദർശിച്ചു. വെള്ളക്കെട്ടിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ ഉദാരമാക്കുമെന്ന് മന്ത്രി പറഞ്ഞു. കരുമാല്ലൂരിൽ 250 ഏക്കറിലാണ് കൃഷി ചെയ്തിരുന്നത്. കൊയ്ത്ത് തുടങ്ങി ഏതാനും ദിവസങ്ങൾക്കകം മഴ കനത്തു. 200 ഏക്കറിലേറെ കൊയ്യാതിരുന്ന നെൽക്കതിരുകൾ വെള്ളത്തിലായി. കൊയ്തു ശേഖരിച്ച നെല്ലും നനഞ്ഞു കുതിർന്നു. പാകത്തിന് ഉണക്കില്ലാത്തതിനാൽ കൊയ്‌തെടുത്ത നെല്ലുകൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള നിരക്കിനേക്കാൾ കുറഞ്ഞ വിലയ്‌ക്കേ ഏറ്റെടുക്കൂവെന്ന് മില്ലുടമകൾ പറഞ്ഞിരുന്നു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് നൽകുന്ന അപേക്ഷയോടൊപ്പം തന്നാണ്ടത്തെ കരമൊടുക്ക് രസീത് സമർപ്പിക്കണമെന്ന് നിബന്ധനയും കർഷകർക്ക് വിലങ്ങുതടിയാണ്. കൃഷിനാശം സംബന്ധിച്ച അപേക്ഷയിലെ നടപടികൾ ഉദാരമാക്കാൻ കൃഷി മന്ത്രിയുമായി കൂടിയാലോചിച്ചവ നടത്തുമെന്ന് പി. രാജീവ് അറിയിച്ചു. ജനപ്രതിനിധികളും പാടശേഖര സമിതി ഭാരവാഹികളും കർഷകരും പങ്കെടുത്തു.