കളമശേരി: കനത്ത മഴയെ തുടർന്ന് ഏലൂരിന്റെ വിവിധ പ്രദേശങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാൻ യുദ്ധകാല നടപടികളുമായി ഏലൂർ നഗരസഭ. തൊഴിലാളികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചിറങ്ങിയാണ് തോടുകളിലെ നീരൊഴുക്ക് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
മഴക്കാല പൂർവ്വ ശുചീകരണവും തോടുകളുടെ നീരൊഴുക്ക് വർദ്ധിപ്പിക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതി പ്രവർത്തനവും ആരംഭിച്ചപ്പോൾ തന്നെ കനത്ത മഴ പെയ്തതാണ് വെള്ള കെട്ടിന് കാരണമായതെന്ന് ചെയർമാൻ പറഞ്ഞു. പ്രധാന തോടുകളായ ഈരേഴുചാൽ, ഡിപ്പോ - വൈലോക്കുഴി തോട്, ഉന്തിത്തോട്, പനച്ചി തോട്, ആമം തുരുത്ത് - വലിയചാൽ തോട് എന്നിവയുടെ ശുചീകരണം ആരംഭിച്ചു. ചെറുതോടുകളുടെയും കാനകളുടെയും ശുചീകരണം വാർഡ് കൗൺസിലർമാരുടെ നിർദ്ദേശപ്രകാരം അടിയന്തര സ്വാഭാവ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ആരംഭിച്ചു.
മലനീകരണ നിയന്ത്രണ ബോർഡിന്റെ ഡി.പി.ആർ പ്രകാരം പ്രത്യേക പദ്ധതിയായി മാത്രമേ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ ചെയ്യാവൂവെന്ന നിബന്ധനയാണ് തെക്ക്, വടക്ക് പ്രദേശത്തെ വെള്ളക്കെട്ടിന്റെ ഒരു കാരണം. അനുമതി നേടാനായി അധികാരികളിൽ സമ്മർദ്ദം ചെലുത്തി വരികയാണ്.
വർഷങ്ങൾക്ക് മുമ്പ് നല്ല വീതിയുണ്ടായിരുന്ന തോടുകൾ കൈയേറ്റം മൂലമാണ് വെള്ളക്കെട്ട് രൂക്ഷമായത്. തോടുകൾ വീണ്ടെടുക്കാനും പരിപാലിക്കാനും പദ്ധതി ആവിഷ്കരിക്കുമെന്നും വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും ചെയർമാൻ എ .ഡി. സുജിൽ അറിയിച്ചു.