bjp

ആലുവ: നഗരത്തിലെ അതിരൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി എടുക്കാത്തതിനെതിരെ ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും വെള്ളക്കെട്ട് പ്രശ്‌നത്തിൽ നിസംഗത തുടരുകയാണെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു.

കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ വെള്ളക്കെട്ട് പ്രശ്നം ഉന്നയിച്ചപ്പോൾ മഴ അവസാനിച്ചാൽ ഒരു മണിക്കൂർ കൊണ്ട് മാറുന്ന വെള്ളക്കെട്ടേ നഗരത്തിലുള്ളൂ എന്നുപറഞ്ഞ് ചെയർമാൻ നിസാരവത്കരിക്കാൻ ശ്രമിച്ചുവെന്ന് ബി.ജെ.പി അംഗം എൻ. ശ്രീകാന്ത് ആരോപിച്ചു. തുടർന്നാണ്, പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എസ്. പ്രീത, അംഗങ്ങളായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി എന്നിവർ യോഗം ബഹിഷ്കരിച്ചത്.

മാസങ്ങൾക്കു മുമ്പ് നടക്കേണ്ട മഴക്കാലശുചീകരണം ഇതുവരെ തുടങ്ങാനായിട്ടില്ല. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി. ചെയർമാനും ഭരണസമിതിയും തികഞ്ഞ പരാജയമാണെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷിക്കേണ്ടവർ നഗരസഭാ ശതാബ്ദിയുടെ പേരിൽ പണം ധൂർത്തടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

വെള്ളക്കെട്ടിന് മുഖ്യകാരണം

തകർന്ന കാന

അൻവർ ആശുപത്രി റോഡ്, പങ്കജം ജംഗ്ഷൻ, സംഗീതസഭ റോഡ്, ശാന്തിനഗർ മേഖലകളിലുണ്ടായ കനത്ത വെള്ളക്കെട്ടിന് കാരണം നഗരത്തിലെ മുഖ്യകാനയുടെ ശോച്യാവസ്ഥയാണ്. സീനത്ത് തീയേറ്റർ, റെയിൽവേ സ്റ്റേഷൻ, ഗുഡ് ഷെഡ് ഭാഗങ്ങളിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് അദ്വൈതാശ്രമത്തിന് സമീപത്തെ മലിനജല സംസ്‌കരണശാലയിലേക്കാണ്.

ശാല പ്രവർത്തിക്കാത്തതിനാൽ മലിനജലം നേരിട്ട് പുഴയിലെത്തുന്നു. ഈ ഭാഗത്തെ കാനയുടെ കരിങ്കൽഭിത്തിയും സ്ളാബുകളും ഇടിഞ്ഞു കാനയിലേക്ക് വീണതിനാൽ വെള്ളം ഒഴുകിപോകുന്നുമില്ല. തോട്ടക്കാട്ടുകര ഷാഡി ലൈൻ, പറവൂർ കവല, വി.ഐ.പി റോഡ്, എറണാകുളം റോഡ് എന്നിവിടങ്ങളിലും കനത്തവെള്ളക്കെട്ടാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്.

'' വെള്ളക്കെട്ടിന് മുഖ്യകാരണമായ കാനയിൽ നിന്ന് കോൺക്രീറ്റ് സ്ളാബുകളും പാറകളും നീക്കാത്ത നഗരസഭയുടെ നിലപാട് പ്രതിഷേധാർമാണ്""

സെബി വി. ബാസ്റ്റ്യൻ,

മുൻ കൗൺസിലർ