
 മഴപെയ്‌താൽ കാനയിലെ മാലിന്യം വീടുകളിൽ കയറും
ചോറ്റാനിക്കര: മഴയൊന്ന് തിമിർത്തുപെയ്താൽ ചോറ്റാനിക്കര തെക്കേച്ചിറ കോളനിക്കാർക്ക് പിന്നെ കണ്ണീർതോരാത്ത കാലമാണ്. സമീപത്തെ കാനയിലെ ദുർഗന്ധം വമിക്കുന്ന മാലിന്യം വീടുകളിൽ കയറുമെന്നതാണ് കാരണം. കുഞ്ഞുകുട്ടികൾ അടക്കമുള്ള 47 കുടുംബങ്ങളാണ് ഇവിടെ ശോചനീയാവസ്ഥയിൽ കഴിയുന്നത്.
സോപ്പുപെട്ടി പോലുള്ള, ബലക്ഷയമുള്ള വീടുകളാണ് അധികവും. കൊച്ചിൻ ദേവസ്വത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിനു തെക്കോട്ടുള്ള ചെങ്കുത്തായ ഇറക്കത്തിന്റെ ഇടതുവശത്താണ് കോളനി. മഴക്കാലം എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണ് ഏവരും. പ്രതിസന്ധി ആരോഗ്യവകുപ്പിനെ ബോദ്ധ്യപ്പെടുത്തിയെങ്കിലും കാനയിൽ നിന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണുകോരി കരയിൽവച്ചതല്ലാതെ കാര്യമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.