മൂവാറ്റുപുഴ: സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയും സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസും ഈ മാസം 25 ന് രാവിലെ 9ന് നടക്കും. മൂവാറ്റുപുഴ മേഖലയിലെ സുരക്ഷാ പരിശോധനയും ക്ലാസും നിർമലാ പബ്ലിക് സ്‌കൂളിലും പിറവം, കൂത്താട്ടുകുളം മേഖലകളിലേത് പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളിലുമാണ് നടത്തുക. മൂവാറ്റുപുഴ ആർ.ടി.ഒയുടെ പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ വാഹനങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ ലേബൽ നൽകും. ലേബൽ പതിയ്ക്കാത്ത സ്‌കൂൾ വാഹനങ്ങളെ ജൂൺ മുതൽ മൂവാറ്റുപുഴ ആർ.ടി.ഒയുടെ പരിധിയിലെ നിരത്തുകളിൽ സർവ്വീസ് നടത്താൻ അനുവദിക്കില്ല.