കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈ കൗൺസിൽ ഭരണമേറ്റശേഷം പേരണ്ടൂർ കനാൽ, കാരണംകോടം തോട്, ചങ്ങാടംപോക്ക് തോട് കനാലുകളിലെ ചെളി നീക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളക്കെട്ട്നിവാരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം വിവിധ വകുപ്പുകളുടെ സഹായം തേടി മേയർ സമയം പാഴാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തുറ ആരോപിച്ചു. വലിയ തോടുകളും ചെറുകാനകളും ശുദ്ധീകരിക്കുന്നതിന് ജനുവരിയിൽ തന്നെ കൗൺസിൽ അനുമതി നൽകിയിട്ടും ഇപ്പോഴും വലിയ തോടുകളിലെ പായൽ പോലും മാറ്റാത്തത് നഗരസഭയുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കൊണ്ടാണെന്ന് പാർലമെന്ററി പാർട്ടിസെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ പറഞ്ഞു.