കൊച്ചി: ഫ്രാൻസിലെ ഉപരിപഠന സാദ്ധ്യതകളെപ്പറ്റി ചർച്ച ചെയ്യാനും കാമ്പസ് ഫ്രാൻസും ഇന്ത്യയിലെ ഫ്രാൻസ് എംബസിയും നടത്തുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഫ്രാൻസ് എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊച്ചി സർവകലാശാല സന്ദർശിച്ചു.
എംബസിയിലെ സയന്റിഫിക് ആൻഡ് അക്കാഡമിക് സഹകരണത്തിനായുള്ള അറ്റാഷെ ഫ്രാങ്കോയിസ്‌സേവിയർ മോർട്രിയൂൽ, ഇന്ത്യയിലെ ഫ്രാൻസ് എംബസിയിലെ ഡെപ്യൂട്ടി സയൻസ് ആൻഡ് അക്കാദമിക് അറ്റാഷെ ഡോ. അംബിക അനിൽകുമാർ, ഫ്രാൻസ് കാമ്പസിലെ മാനേജർ ശബരി കിഷോർ എന്നിവരാണ് ചർച്ചയ്ക്ക് എത്തിയത്. വിദ്യാർത്ഥികൾക്കുള്ള വിവിധ പ്രോജക്ടുകൾ, സ്‌കോളർഷിപ്പുകൾ, സെമിനാറുകൾ, ശില്പശാലകൾ, ഫാക്കൽറ്റി വിദ്യാർത്ഥി കൈമാറ്റം, സെമസ്റ്റർ കൈമാറ്റം, വ്യവസായ വാണിജ്യരംഗവുമായുള്ള അക്കാഡമിക സഹകരണം, ഗവേഷണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇന്തോ- ഫ്രഞ്ച് സഹകരണം ശക്തമാക്കുന്നതിനുള്ള പദ്ധതികളെപ്പറ്റി പ്രതിനിധികൾ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനനുമായി ചർച്ച നടത്തി. പ്രോ വൈസ് ചാൻസർ ഡോ. പി.ജി. ശങ്കരൻ, ഇന്റർ നാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. എൻ. ബാലകൃഷ്ണ വിവിധ വകുപ്പ് മേധാവികൾ, അദ്ധ്യാപകർ, സർവകലാശാല ഉദ്യോഗസ്ഥാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.