കൊച്ചി: കഴിഞ്ഞദിവസം ഗോശ്രീ രണ്ടാംപാലത്തിൽനിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിന് സമീപം ഇടംപാടം വിനീതിന്റെ (31) മൃതദേഹമാണ് ഇന്നലെ രാവിലെ ബോൾഗാട്ടി പാലത്തിന്റെ പിൻഭാഗത്ത് തീരത്തടിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ പാലത്തിൽനിന്ന് കായലിൽ ചാടിയത്. വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരുകയായിരുന്നു. പാലത്തിന് സമീപം സ്‌കൂട്ടറിലെത്തിയ വിനീത് അടുത്തബന്ധുവിനും സുഹൃത്തിനും ഫോൺ ചെയ്തിരുന്നു. ബന്ധുക്കൾ എത്തുന്നതിന് മുമ്പേ ഇയാൾ കായലിൽ ചാടുകയായിരുന്നു. മുളവുകാട് പൊലീസും ഫയർഫോഴ്സും ഏറനേരം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ കൊച്ചി കായലിൽ നേവൽബേസ് സൗത്ത് ഗേറ്റിന്റെ ഭാഗത്തായി മൃതദേഹം ഒഴുകിപ്പോകുന്നുവെന്ന് ഡ്രഡ്ജിംഗ് തൊഴിലാളികൾ അറിയിച്ചതിനെത്തുർന്ന് ഹാർബർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസും ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ മൃതദേഹം കായൽ തീരത്തടിയുകയായിരുന്നു. മുളവുകാട് പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.