മൂവാറ്റുപുഴ: മുളവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പായിപ്ര ഗ്രാമ പഞ്ചായത്തിനെ വിഭജിച്ച് മുളവൂർ പഞ്ചായത്ത് രൂപീകരിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. മുളവൂർ പഞ്ചായത്ത് രൂപികരിക്കുമെന്ന് മൂന്ന് പതിറ്റാണ്ട് മുൻപ് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല.
22 വാർഡുകളും 32.18 ചതുരശ്രകിലോമീറ്റർ വിസ്തീർണവുമുള്ളളതാണ് പായിപ്ര പഞ്ചായത്ത്. വിഭജിച്ചാൽ പായിപ്ര 17 വാർഡുകളും 26000 ജനസംഖ്യയുമുള്ള പഞ്ചായത്ത് ആയി മാറും. 13.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണവും 14 വാർഡുകളും 19000 ജനസംഖ്യയുള്ളതുമായിക്കും മുളവൂർ പഞ്ചായത്ത്.
പായിപ്ര പഞ്ചായത്തിനെ വിഭജിക്കുന്നതിനുള്ള രൂപരേഖ ബന്ധപ്പെട്ട വകുപ്പ് വർഷങ്ങൾക്കു മുൻപ് സമർപ്പിച്ചിരുന്നു. മൂവാറ്റുപുഴ, കോതമംഗലം നഗരസഭകളുമായും മഴുവന്നൂർ, രാമമംഗലം, അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നതാണ് പായിപ്ര പഞ്ചായത്ത്. പായിപ്രയിൽ നിന്ന് ഭൂമിശാസ്ത്രപരമായി വേറിട്ടുനിൽക്കുന്ന പ്രദേശമാണ് മുളവൂർ. വികസനത്തിലും മുളവൂർ പിന്നിൽ തന്നെ. നിലവിൽ ഇവിടെയുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനത്തെത്താൻ രണ്ട് ബസുകൾ കയറേണ്ട അവസ്ഥയാണ്. ഇത് കൂടാതെ വില്ലേജ് ഓഫീസ്, മൃഗാശുപത്രി, ആയൂർവേദാശുപത്രി, കൃഷിഭവൻ തുടങ്ങിവയെല്ലാം പായിപ്ര പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാലാണ് മുളവൂർ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. 1984-സംസ്ഥാന സർക്കാർ പുതിയ പഞ്ചായത്തുകൾ രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ മുളവൂരും ആദ്യം പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ പഞ്ചായത്ത് രൂപീകരണം നടപ്പായില്ല. ഇതോടെ പഞ്ചായത്ത് എന്ന പ്രദേശവാസികളുടെ സ്വപ്നം സാധ്യമാകാതെ പോയി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പുതിയ പഞ്ചായത്തുകൾ രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് മുളവൂർ നിവാസികൾക്ക് വീണ്ടും പ്രതീക്ഷ ലഭിച്ചത്. പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് വിഭജനം അടക്കം പരാതികളില്ലാതെ പൂർത്തിയാക്കിയിരുന്നു.
അവികസിത മേഖലയായ മുളവൂരിന് പുതിയ പഞ്ചായത്ത് അത്യന്താപേക്ഷതമാണന്നും കാർഷിക മേഖലകൂടിയായ മുളവൂരിന്റെ വികസന കുതിപ്പിന് അതു കളമൊരുക്കുമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി വി.എസ്.മുരളി പറഞ്ഞു.