
കൊച്ചി: തൃക്കാക്കരയിൽ എൻ.ഡി.എയുടെ മഹാഗൃഹ സമ്പർക്കം പൂർത്തിയായി. മുതിർന്ന എൻ.ഡി.എ നേതാക്കളുടെ നേതൃത്വത്തിൽ 500 ഓളം സ്‌ക്വാഡുകളാണ് ഞായറാഴ്ച ദിന സമ്പർക്കത്തിൽ പങ്കെടുത്തത്. രാവിലെ പനമ്പള്ളി നഗർ മേഖലയിലായിരുന്നു സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പര്യടനം ആരംഭിച്ചത്. തുടർന്ന് കടവന്ത്ര, ചളിക്കവട്ടം, പാലച്ചുവട് പ്രദേശങ്ങളിൽ ഉൾപ്പടെ 12 ഏരിയ കമ്മിറ്റികളിലും സ്ഥാനാർത്ഥി നേരിട്ടെത്തി ഗൃഹ സമ്പർക്കത്തിൽ പങ്കെടുത്തു. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് രാവിലെ പാലാരിവട്ടത്തും ഉച്ചയ്ക്ക് വൈറ്റിലയിലും ഭവനസന്ദർശനം നടത്തി. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, എസ്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, ആർ.എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മെഹ്ബൂബ്, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.ടി. രാമചന്ദ്രൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സമ്പർക്കം നടത്തി.