കാലടി: രണ്ടാമത് അന്തർദ്ദേശീയ ശ്രീ ശങ്കര നൃത്ത സംഗീതോത്സവത്തിന് അദ്വൈത ഭൂമിയായ കാലടിയിൽ കൊടിയേറി. ഫെസ്റ്റിവൽ രക്ഷാധികാരി റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ടി.സലിം അദ്ധ്യക്ഷനായി.വിദേശത്ത് ശാത്രീയ കലകൾ പ്രോത്സാഹിപ്പിക്കുന്ന കലാകാരികൾക്കുള്ള എൻ.അർ.ഐ അവാർഡ് ടാൻസാനിയയിൽ നിന്നുള്ള രശ്മി സജീവന് സമർപ്പിച്ചു.
ഓവർസീസ് ചീഫ് കോ ഓർഡിനേറ്റർ ഡോ.പി.വി.ജയരാജ് പ്രത്യേക പ്രഭാഷണം നടത്തി. തുടർന്ന് മെഗാ ഗ്രൂപ്പ് ഇനങ്ങൾ അരങ്ങേറി.അസാമിന്റെ തനത് നൃത്തമായ സത്രിയ കലാകാരി ഡിംപിൾ സൈക്കിയ നൃത്തം അവതരിപ്പിച്ചു. യുവ നർത്തകി പാർവ്വതി മേനോന്റെ കുച്ചിപ്പുടിയും അരങ്ങേറി.
ഡോ.പി വി ജയരാജ്,ചാന്ദിനി ജയരാജ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. നേപ്പാളിൽ നിന്നുള്ള കലാകാരൻ സോജൻ രഘുഭാൻഷിയുടെ 5 വ്യത്യസ്തമായ നേപ്പാളി നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു. കൃഷ്ണ ചരിത്ര നൃത്തം,തളിക നൃത്തം,ഇന്ദ്രനെ പ്രകീർത്തിച്ചുകൊണ്ടുള്ള നൃത്തം എന്നിവ ശ്രദ്ധേയമായിരുന്നു.
ശ്രീ ശങ്കര സ്കൂൾ ഒഫ് ഡാൻസ് ഏർപ്പെടുത്തിയ പ്രഥമ എം. എസ്.ഉണ്ണിക്കൃഷ്ണൻ മെമ്മോറിയൽ അവാർഡ് വി.ഐശ്വര്യയ്ക്ക് സമർപ്പിച്ചു.
അനുപമ മേനോൻ അവതരിപ്പിച്ച സോപാന ലാസ്യം എന്ന വേറിട്ട ആവിഷ്കാരം ആസ്വാദകർക്ക് നവ്യാനുഭൂതി നൽകി. റിട്ട.ഡി.വൈ.എസ്.പി. കെ.പി.ജോസ്,റാണി ജോസ് എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. ഡയറക്ടർ പ്രൊഫ. പി.വി.പീതാംബരൻ എന്നിവർ സംസാരിച്ചു.