തോപ്പുംപടി: മത്സ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് സംസ്ഥാന മത്സ്യമേഖല സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇന്ന് സൂചനാ പണിമുടക്ക് നടത്തും.
ഭീമമായ പെർമിറ്റ് ഫീസ്, തൊഴിലാളികളുടെ ക്ഷേമ നിധി വിഹിതം പിടിച്ചെടുക്കൽ , ലൈസൻസ് വൈകിയാൽ പിഴ ഈടാക്കൽ, ബോട്ടുകൾ കസ്റ്റഡിയിലെടുക്കൽ, ഇന്ധന വില വർദ്ധനവ് എന്നിവയ്ക്കെതിരെയാണ് സമരം നടത്തുന്നത്. ശാസ്ത്രീയ പരിശോധനകൾ ഇല്ലാതെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മത്സ്യ ലേല,വിപണന,പരിപാലന നിയമങ്ങളിലെ അശാസ്ത്രീയത തിരുത്തണമെന്നും കെ.എം.എഫ്.ആർ ആക്ട് 2018ൽ ഉൾപ്പെടുത്തിയിട്ടുള്ള കരിനിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
കൊച്ചിൻ ഫിഷറീസ് ഹാർബർ വ്യവസായ സംരക്ഷണ സമിതി മത്സ്യ വിപണനം നിർത്തി വച്ച് സമരത്തിന് പിന്തുണ നൽകുമെന്ന് ഭാരവാഹികളായ എ.എം. നൗഷാദ്, സിബി പുന്നൂസ്,ടി.യു. ഫൈസൽ,സി.എസ്. യൂസഫ്,അബ്ദുൽ നിസാർ,സി.ബി. റഷീദ് എന്നിവർ പറഞ്ഞു.