ആലുവ: രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ആശങ്കാജനകമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. ചൂണ്ടി ഭാരത മാതാ സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസിന്റെ കീഴിലുള്ള ബദൽ തർക്ക പരിഹാര യൂണിറ്റ് ആയ 'ബദ്രി' യുടെ നേതൃത്വത്തിൽ നടത്തിയ രാജ്യാന്തര കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ 10 ലക്ഷം ജനങ്ങൾക്ക് 107 എങ്കിൽ ഇന്ത്യയിൽ 21 ന്യായാധിപരാണുള്ളത്. കേസുകളുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ കോടതികളും ആവശ്യമായി വന്നിരിക്കുകയാണ്. ഇവ മറികടക്കണമെങ്കിൽ കോടതിക്ക് പുറത്ത് കേസുകൾ തീർക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യ അന്താരാഷ്ട്ര ബദൽ തർക്ക പരിഹാര സെന്റർ പ്രസിഡന്റ് പ്രൊഫ. സ്റ്റീവ് എൻഗോ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, കർണാടക ഹൈക്കോടതി സീനിയർ അഭിഭാഷകൻ ഹരീഷ് ബി. നരസപ്പ, അഡ്വ. ക്രൂഷ് ആന്റണി, മഹാരാജ സായ് ജിറാവു യൂണിവേഴ്‌സിറ്റി ഒഫ് ബറോഡയിലെ അസിസ്റ്റന്റ് പ്രൊഫസർ കവിത ഭാട്ടിയ, കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ്. സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. സെലിൻ അബ്രഹാം എന്നിവർ പ്രസംഗിച്ചു. കോൺക്‌ളേവ് ഇന്നും നാളെയും തുടരും.