fg

കൊച്ചി: രണ്ടു വർഷത്തിനുശേഷം സ്കൂൾ തുറക്കുമ്പോൾ രക്ഷകർത്താക്കൾക്ക് ആശ്വസിക്കാം. ഇത്തവണ സ്കൂൾ തുറപ്പ് ചെലവുകൾ പോക്കറ്റ് കീറില്ല. ബാഗ് മുതൽ ബുക്കുകൾ വരെ കുട്ടികൾക്ക് വേണ്ട സാധനങ്ങൾക്ക് വില വർദ്ധിച്ചിട്ടില്ല. കൊവിഡിന് മുമ്പുള്ള വില തന്നെയാണ് സാധനങ്ങൾക്ക് ഇപ്പോഴും. പോക്കറ്റിന് ഇണങ്ങിയ വിലയിലുള്ള സാധനങ്ങളും വിപണിയിൽ സുലഭമാണ്.

കൊവിഡ് പ്രതിസന്ധിയിൽ വരുമാനം കുറഞ്ഞവർക്ക് ആശ്വാസം പകരുന്നതാണ് വിപണി വില. ബുക്ക് മുതൽ ബാഗ് വരെയും ഷൂ മുതൽ യൂണിഫോം വരെയും പുതിയത് വാങ്ങാൻ എത്തുന്നവരുടെ തിരക്കാണ് എങ്ങും. കൊവിഡിന് ശേഷം വിപണിക്ക് തിരിച്ചുവരവിനുള്ള കരുത്താകുന്നതാണ് ഈ തിരക്കെന്ന് വ്യാപാരികൾ പറയുന്നു.

രണ്ടുവർഷത്തെ കൊവിഡ് ഇടവേളയ്ക്കു ശേഷം ആറുമാസത്തിനു മുമ്പ് സ്‌കൂളുകൾ തുറന്നതാണ് ഇത്തവണ തിരക്ക് കുറച്ചത്. ബാഗും കുടയും ചോറ്റുപാത്രം പോലുള്ളവയൊക്കെ അന്ന് വാങ്ങിയവരാണ് കൂടുതലും. വരുന്നവരാകട്ടെ കുറഞ്ഞവിലയിലുള്ളത് കാണിച്ചാൽ മതിയെന്ന് ആദ്യമേ പറഞ്ഞിട്ടാണ് സാധനങ്ങൾ നോക്കുന്നതും. ഇതുകാരണം വലിയ വിലയിലുള്ള ബാഗുകളും കുടയും ഒന്നും വിറ്റുപോകുന്നില്ല. അതിനനുസരിച്ചാണ് വിപണിയും ഒരുങ്ങിയത്.

 ഡിസ്കൗണ്ട്

പലകടകളും ഡിസ്കൗണ്ട് നൽകിയാണ് കച്ചവടം നടത്തുന്നത്. സാധനങ്ങൾക്ക് 5 മുതൽ 15 ശതമാനം വരെ വിലക്കിഴിവുമുണ്ട്. 1000 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ 15 രൂപ ഡിസ്‌കൗണ്ട് നൽകും. നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എല്ലാ സാധനങ്ങൾക്കും ചില്ലറവില്പന വിലയെക്കാൾ കുറച്ചാണ് കച്ചവടക്കാർ നൽകുന്നത്.

 വിലവിവരം

ബാഗ് 200- 1500

മഴക്കോട്ട് 190- 1500

ബുക്ക് 17- 200

വാട്ട‌ർ ബോട്ടിൽ 40- 400

ടിഫിൻ ബോക്സ് 100-1000

സ്കൂൾ കിറ്റ് (പെൻസിൽ, പേന, ഇറേസർ, ഷാർപ്‌നർ, സ്കെയിൽ ഉൾപ്പടെ)- 500- 750


 ഒരാഴ്ച മുമ്പാണ് സ്കൂൾ വിപണി സജീവമായത്. സാധനങ്ങൾക്ക് കാര്യമായ വിലവർദ്ധിക്കാത്തത് മാതാപിതാക്കൾക്ക് ഗുണകരമാണ്. രണ്ട് വ‌ർഷത്തെ കാത്തിരിപ്പിനുശേഷമാണ് വിപണി ഉണർന്നത്. നല്ല പ്രതീക്ഷയാണ് ഇത്തവണ."

അഭിജിത്ത്

സെന്റ് ഫ്രാൻസിസ് ഡി സെയിൽ പ്രെസ്

എറണാകുളം