അംഗീകൃത ബങ്കുകൾ 250 മാത്രം
കൊച്ചി: നഗരത്തിലെ അനധികൃത കച്ചവട ബങ്കുകൾക്കും കിയോസ്‌കുകൾക്കുമെതിരെ നടപടി വരുന്നു. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള ഹർജികളിലാണ് ഹൈക്കോടതി ഇക്കാര്യം പരിഗണിക്കുന്നത്. നടപ്പാതകളും റോഡുകളും കൈയേറി അനധികൃതമായി സ്ഥാപിച്ച ബങ്കുകളും കിയോസ്‌കുകളും നീക്കം ചെയ്യാൻ നടപടിയുണ്ടാകും.
ഇതിന്റെ ഭാഗമായി വിവിധ ക്ഷേമ പദ്ധതികളിലുൾപ്പെടുത്തി അനുമതി നൽകിയ ബങ്കുകളുടെ എണ്ണവും വിവരങ്ങളും നൽകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഈ വിഷയത്തിൽ നിയോഗിച്ച അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് കൊച്ചി നഗരസഭ അനുമതി നൽകിയ അംഗീകൃത ബങ്കുകളുടെ വിവരങ്ങൾ അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. നഗരത്തിൽ 250 ബങ്കുകൾക്കാണ് നഗരസഭ അനുമതി നൽകിയിട്ടുള്ളത്.
ലൈസൻസ് വാങ്ങാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം
വഴിയോരക്കച്ചവടം നടത്താൻ നഗരസഭ നൽകുന്ന ലൈസൻസ് ഇനിയും കൈപ്പറ്റാത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി കൊച്ചി നഗരസഭയോടു നിർദ്ദേശിച്ചു. ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവർക്കെതിരെയും ലൈസൻസ് പ്രദർശിപ്പിക്കാത്തവർക്കെതിരെയും കർശന നടപടിയെടുക്കാൻ മോണിട്ടറിംഗ് കമ്മിറ്റിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
വഴിയോരക്കച്ചവടം
പുനരധിവാസയോഗ്യരെന്നു കണ്ടെത്തിയവർ : 3,520
ലൈസൻസിന് രേഖകൾ ഹാജരാക്കിയവർ : 2,506
ലൈസൻസ് ഇതുവരെ ലഭിച്ചവർ : 1,792
ലൈസൻസ് കൈപ്പറ്റാത്തവർ : 454
ലൈസൻസിന് രേഖകൾ നൽകാത്തവർ : 1,014