വൈപ്പിൻ:മത്സ്യമേഖല സംരക്ഷണ സമിതിയുടെ ആഹ്വാന പ്രകാരമുള്ള പണിമുടക്കിൽ വൈപ്പിൻ - മുനമ്പം മത്സ്യമേഖല പൂർണ്ണമായും സ്തംഭിച്ചു. വൈപ്പിൻ, മുനമ്പം, ഹാർബാറുകളും മുനമ്പം മിനി ഹാർബറും പൂർണ്ണമായും അടഞ്ഞു കിടന്നു. ഹാർബറുകളിൽ എത്തേണ്ടിയിരുന്ന ബോട്ടുകൾ കരയിലേക്ക് വരാതെയും കടലിലേക്ക് പോകേണ്ടിയിരുന്ന ബോട്ടുകളെല്ലാം ജെട്ടികളിൽ കെട്ടിയിട്ടും പണിമുടക്കിൽ പങ്ക് ചേർന്നു. ബോട്ട് യാർഡുകൾ മറൈൻ വർക്ക് ഷോപ്പുകൾ, ഐസ് പ്ലാന്റുകൾ എന്നിവയെല്ലാം അടഞ്ഞുകിടന്നു. മത്സ്യ ലേലങ്ങളും നടന്നില്ല. കടലോര ഉൾനാടൻ മത്സ്യത്തൊഴിലാളികളും ഫിഷിംഗ് ബോട്ട് തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ചെറുകിട മത്സ്യ വിപണന തൊഴിലാളികളും മത്സ്യവ്യവസായികളും മറ്റിതര മത്സ്യമേഖലയിലെ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തു.

പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ സബ്‌സിഡി നിരക്കിൽ നൽകുക, 25 രൂപക്ക് മണ്ണെണ്ണ നൽകുമെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കുക, മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്ന റോഡ് സെസ് പിൻവലിക്കുക, മത്സ്യത്തൊഴിലാളികൾക്ക് ദ്രോഹകരമായ നിയമങ്ങളിൽ മാറ്റം വരുത്തുക , മത്സ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
പണിമുടക്കിന്റെ ഭാഗമായി വൈപ്പിൻ ഫിഷറീസ് അസി.ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ.കെ.പുഷ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജോസഫ് സേവ്യർ കളപ്പുരക്കൽ, കെ.ബി. രാജീവ്, കെ.സി. സാബു, സേവി തുടങ്ങിയവർ പ്രസംഗിച്ചു.