മൂവാറ്റുപുഴ: ഉന്നക്കുപ്പ അപകടവളവിൽ സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിച്ചു. നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങിയത്.
ഉന്നക്കുപ്പ അപകടവളവിലെ റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ വാഹനാപകടങ്ങൾ പതിവായിരുന്നു. വളവ് നിവർത്താതെ നിർമ്മിച്ച ഭിത്തിയിൽ ഇടിച്ച് വാഹനങ്ങൾ താഴേക്ക് പതിക്കുന്ന സംഭവങ്ങളും അടിക്കടിയുണ്ടായിരുന്നു.
ഇരുപത് ലക്ഷംരൂപ ചിലവിലാണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം
പുറെമ്പോക്ക് സ്ഥലം ഉപയോഗപ്പെടുത്തി വളവ് നിവർത്തിയായിരിക്കും ഭിത്തി നിർമ്മിക്കുക. അഞ്ച് വർഷം മുമ്പ് കെ.എസ്.ടി.പി. എം.സി.റോഡ് നവീകരിച്ചിരുന്നു. ഉന്നക്കുപ്പ അപകട വളവ് നിവർത്താതെ നവീകരണം പൂർത്തിയാക്കിയതാണ് പ്രശ്നത്തിന് കാരണം. ആവശ്യത്തിന് സ്ഥലം ഏറ്റെടുത്തങ്കിലും ഇത് ഉപയോഗപ്പെടുത്താതെയായിരുന്നു റോഡ് നവീകരണം പൂർത്തിയാക്കിയത്. ഇതുമൂലം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ മാത്രം ഉണ്ടായ അപകടങ്ങളുടെ എണ്ണം നൂറിലേറെയാണ്. പന്ത്രണ്ടോളം പേർക്ക് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണവും നൂറോളംവരും. എം.സി.റോഡിലെ പഴയ വളവുകൾ പലതും നിവർത്താതെയാണ് മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെ നവീകരണപ്രവർത്തനങ്ങൾ നടത്തിയതെന്ന പരാതി ഉയർന്നങ്കിലും തുടർനടപടികൾ ഉണ്ടായില്ല.അശാസ്ത്രീയമായ റോഡ് നിർമാണമാണ് വെള്ളക്കെട്ടിനും റോഡിന്റെ തകർച്ചയ്ക്കും കാരണമായത്. ഉന്നകുപ്പ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പൂർണമായി വിനിയോഗിക്കാതെ സംരക്ഷണഭിത്തി നിർമിച്ചതോടെ റോഡിൽ കൊടുംവളവ് രൂപം കൊള്ളുകയായിരുന്നു. ഇതു സംബന്ധിച്ച് റോഡ് നവീകരണ സമയത്ത് തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. മുന്നറിയിപ്പ് ബോർഡ് പോലും ഈ ഭാഗത്തു സ്ഥാപിച്ചിരുന്നില്ല. ഇതും തുടർച്ചയായ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.