കാലടി: അന്തർദ്ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്റെ രണ്ടാംദിനം മോഹിനിയാട്ടത്തിന്റെ അവതരണംകൊണ്ടും നവോത്ഥാന ആശയങ്ങളുടെ ദൃശ്യാവിഷ്കാരംകൊണ്ടും ശ്രദ്ധേയമായി. ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസിലെ വിദ്യാർത്ഥിനികളുടെ മെഗാ ഗ്രൂപ്പ്‌ ഇനങ്ങളോടെ തുടങ്ങിയ പരിപാടിക്കുശേഷം നർത്തകി സുധാ പീതാംബരൻ അവതരിപ്പിച്ച മോഹിനിയാട്ടം ഇതിവൃത്തത്തിന്റെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായി. ഡോ സി.പി. ഉണ്ണിക്കൃഷ്ണൻ നൃത്തസംവിധാനവും ബാബുരാജ് പെരുമ്പാവൂർ സംഗീതസംവിധാനവും നിർവഹിച്ച ദൈവദശകം ആദ്യമായാണ് അദ്വൈതഭൂമിയിൽ അവതരിപ്പിച്ചത്. തുടർന്ന് നവോത്ഥാന ആശയങ്ങളുടെ നൃത്താവിഷ്കാരം അരങ്ങേറി. കേരളത്തിലാദ്യമായി പണ്ഡിറ്റ് കറുപ്പന്റെ നവോത്ഥാന ആശയങ്ങൾ നർത്തകി രശ്മി നാരായണൻ അരങ്ങിലെത്തിച്ചു. അധ:സ്ഥിതർക്ക് കൊച്ചി നഗരത്തിലെ റോഡുകളിലൂടെ നടക്കുവാനുള്ള അവകാശം നേടിയെടുത്തത്, കൊച്ചിക്കായൽ സമ്മേളനം,ജാതിക്കുമ്മി എന്നിവ ദൃശ്യവത്കരിച്ചു. എ.കെ.ജിയുടെ പോരാട്ടങ്ങളും മന്നത്ത് പത്മനാഭൻ, അയ്യങ്കാളി എന്നിവരുടെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളും ഇതിവൃത്തമായി. മുല്ലപെരിയാറും നാട്യഭാഷയിലൂടെ ശ്രദ്ധേയമായി. ഇഷാൻവി രാജേഷ് സ്വന്തമായി ചിട്ടപ്പെടുത്തിയ മൂകാംബികാദേവിയും വേദിയെ ആവിസ്മരണീയമാക്കി.

ശ്രീക്കുട്ടി മുരളി, അഞ്ജനപി.സത്യൻ, വി. അനുശ്രീ, വി. ഐശ്വര്യ എന്നിവരാണ് നവോത്ഥാന ആശയങ്ങൾ വേദിയിൽ എത്തിച്ചത്. യുവ കലാകാരികളായ വൈഷ്ണവി എം നായർ, അനുപമ എം. നായർ, എം.എസ്. ഗൗരിപ്രിയ,അതുല്യ ബിനോയ്‌ എന്നിവരും പങ്കെടുത്തു തുടർന്ന് കലാമണ്ഡലം ഡോ. രചിത രവിയുടെ മോഹിനിയാട്ടവും അരങ്ങേറി. ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിന്റെ മുപ്പതാം സ്ഥാപനദിനത്തോടനുബന്ധിച്ച് പതിനെട്ട് കലാകാരികൾക്ക് കൾച്ചറൽ അംബാസിഡേഴ്സ് ഒഫ് എസ്.എസ്.ഡി.എന്ന പദവി നൽകി. ഓമ്പുഡ്‌സ്‌മാൻ ജസ്റ്റിസ്‌ പി.എസ്. ഗോപിനാഥൻ മുഖ്യാതിഥി ആയിരുന്നു.