നെടുമ്പാശേരി: നെടുമ്പാശേരി, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ നെടുമ്പാശേരി അകപ്പറമ്പ് കിഴക്കേടത്തുവീട്ടിൽ ലാലപ്പനെന്ന് വിളിക്കുന്ന ലാൽകൃഷ്ണയെ (36) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019ൽ അത്താണി ബാറിന് മുൻവശം ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ്. കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ വിചാരണ തീരുന്നതുവരെ ജില്ലയിൽ പ്രവേശിക്കരുതെന്നും മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്നും വ്യവസ്ഥയുണ്ടായിരുന്നതാണ്. എന്നാൽ കഴിഞ്ഞ നവംബറിൽ നായത്തോടുള്ള ഒരു ബാറിലെ മാനേജരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ ലാൽകൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യവ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് ജാമ്യംറദ്ദാക്കി ജയിലലടച്ചു.
ജയിലിൽ കഴിഞ്ഞ് വരവെയാണ് ആയുധനിയമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൂടിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 47 പേരെ കാപ്പചുമത്തി ജയിലിലടച്ചു, 35 പേരെ നാടുകടത്തി.